വൈക്കം: വളർത്തു പൂച്ചയെ അയൽവാസി വെടിവെച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ പൂച്ചയുടെ എക്സ് റേ ഇന്ന് എടുക്കും. എക്സറേ ഫലം ലഭിച്ചശേഷം പൂച്ചയ്ക്ക് തുടർ ചികിത്സ നടത്താമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ചങ്ങനാശേരി വെറ്ററിനറി ആശുപത്രിയിലാണ് എക്സ് റേ എടുക്കുന്നത്. വൈക്കം തലയാഴം ആലത്തൂർ പാരണത്ര രാജു-സുജാത ദന്പതികളുടെ എട്ടു മാസം പ്രായമുള്ള ചിന്നു എന്ന വളർത്തുപൂച്ചയ്ക്കാണ് ഞായറാഴ്ച രാത്രി എട്ടോടെ അയൽവാസിയുടെ എയർ ഗണിൽനിന്നു വെടിയേറ്റത്.
വയറിനു ഗുരുതരമായി പരിക്കേറ്റ പൂച്ചയെ ഇന്നലെ രാവിലെ കോട്ടയം വെറ്ററിനറി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ഒരു പകൽ മുഴുവൻ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാണ് പൂച്ചയുടെ ജീവൻ രക്ഷിച്ചത്. ഞായറാഴ്ച വൈകുന്നേരം സമീപത്തെ ഒരു വിവാഹ സത്കാരത്തിനു സുജാതയും കുടുംബവും പോയപ്പോൾ കൂടെയെത്തിയ പൂച്ച നിരത്തുവക്കിൽ ഇരിക്കുകയായിരുന്നു.
രാത്രി എട്ടിനു കുടുംബം മടങ്ങിവരുന്നതു കണ്ട് വഴിവക്കിൽനിന്നു പൂച്ചകൂടെപ്പോരാൻ ഓടി വരുന്പോഴായിരുന്നു അയൽവാസി രമേശൻ വെടിവച്ചതെന്ന് സുജാത ആരോപിക്കുന്നു. ഇതിനുമുന്പും സമാന സംഭവങ്ങൾ പലഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും പല മൃഗങ്ങൾക്കും ഇത്തരത്തിൽ വെടിയേറ്റിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
വെടിയേറ്റ് മരണ വെപ്രാളത്തിൽ ഓടിയ പൂച്ചയെ കുടുംബം തിരഞ്ഞു കണ്ടെത്തുകയായിരുന്നു. വയറിനടിയിൽ മുറിവേറ്റ് ചോര വാർന്നൊഴുകുന്ന നിലയിലായ പൂച്ചയെ ഉടൻ വൈക്കം താലൂക്ക് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നൽകി.
വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുടുംബം വൈക്കം പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി പരാതി നൽകി. പരാതി നൽകിയതോടെ അയൽവാസി ഒളിവിലാണ്.