ഒരു പൂച്ചക്കുഞ്ഞ് വിചാരിച്ചാൽ എന്ത് സംഭവിക്കും. എന്നെ കൊണ്ടും ചിലതൊക്കെ സാധിക്കുമെന്നു കാണിച്ചു തരികയാണ് ഒരു പൂച്ച. ഒരു ടൗൺ മുഴുവൻ കുറച്ച് സമയത്തേക്ക് സ്തംഭിപ്പിക്കാൻ വരെ കഴിവുള്ളവനാണീ പൂച്ച കുഞ്ഞ്.
മലപ്പുറം വണ്ടൂർ ടൗണിൽ ഒരു പൂച്ചക്കുട്ടിയുണ്ടാക്കിയ പൊല്ലാപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
അങ്ങാടിപ്പൊയ് ബസ് സ്റ്റാൻഡിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുന്ന ഒരു സ്വകാര്യ ബസിന്റെ അടിയിലേക്ക് ഒരു പൂച്ചക്കുഞ്ഞ് ഓടിക്കയറി. പൂച്ച കുഞ്ഞ് ബസിനടിയിൽ പോയ കാര്യമറിഞ്ഞ് ബസ് ജീവനക്കാർക്ക് ടെൻഷനായി. ഡ്രെെവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടി.
പിന്നെ ഒന്നും ചിന്തിച്ചില്ല. പൂച്ച കുഞ്ഞിനെ പിടിക്കാനുള്ള ശ്രമത്തിലായി ജീവനക്കാർ. ചുമട്ടുതൊഴിലാളികളും ഹോം ഗാർഡും യാത്രക്കാരും ബസ് ജീവനക്കാരോടൊപ്പം പൂച്ച കുഞ്ഞിനെ തിരയാനുള്ള മിഷനൊപ്പം കൂടി.
ഇത്രയും ബഹളം പുറത്തു നടക്കുന്നതൊന്നും പൂച്ച കുഞ്ഞ് അറിഞ്ഞില്ല. ആശാൻ കൂളായി തന്നെ അതിനുള്ളിൽ ഇരിക്കുകയാണ്. എല്ലാവരുടെയും കണ്ണ് വെട്ടിച്ച് പൂച്ച കുഞ്ഞ് ബസിനടിയിൽ ഓടി കളിക്കുകയായിരുന്നു.
കുറെ നേരത്തെ പരിശ്രമത്തിനു ശേഷം പൂച്ച കുഞ്ഞിനെ അവസാനം പുറത്തെത്തിച്ചു. അവൻ എന്നിട്ടും യാതൊരു കൂസലുമില്ലാതെ ഇരിക്കുകയായിരുന്നു.
ബസ് ഡ്രെെവർ തിരിഞ്ഞു നോക്കിയപ്പോൾ ബസിനു പിറകിലായി വണ്ടികളുടെ ഒരു വലിയ നിര തന്നെ കണ്ടു. എന്തായാലും പൂച്ച കുഞ്ഞ് വലിയ ബ്ലോക്ക് തന്നെയാണ് ഉണ്ടാക്കിയത്.