ഒാൺലൈൻ ലൈവ് പരിപാടികൾ നടക്കുന്പോഴുള്ള അബദ്ധങ്ങളും പിഴവുകളുമൊക്കെ പലപ്പോഴും വലിയ ചിരിക്കു വക നൽകുന്നതാണ്. ഇവിടെ ഒരു കോടതിയിൽ അഭിഭാഷകനു പകരം പൂച്ചക്കുട്ടി വാദിക്കാൻ വന്നതാണ് ചിരി ഉണർത്തിയിരിക്കുന്നത്.
മൊബൈൽ ഫോൺ കാമറയിൽ ഫോട്ടോയെടുക്കുന്പോഴും വീഡിയോ എടുക്കുന്പോഴുമൊക്കെ വെറുതെ ഒരു രസത്തിനായി പല തരത്തിലുള്ള ഫിൽട്ടറുകൾ ആളുകൾ ഉപയോഗിക്കാറുണ്ട്.
ഫിൽട്ടർ ഒാൺ ആക്കിക്കഴിഞ്ഞാൽ ചിലപ്പോൾ വ്യക്തിക്കു പകരം ഫിൽട്ടറുകളാകും സ്ക്രീനിൽ തെളിയുക. നമ്മുടെ സംസാരവും ചെയ്തികളും അവ അനുകരിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം ടെക്സസിലെ ഒരു കോടതിയിൽ നടപടിക്രമങ്ങൾ സൂമിലൂടെ ലൈവായി നടക്കുകയിരുന്നു. വളരെ ഗൗരവത്തോടെ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയകൾക്കിടയിൽ സ്ക്രീനിൽ ഒരു പൂച്ചയുടെ മുഖം കണ്ട് ജഡ്ജി അടക്കം ഞെട്ടി. അഭിഭാഷകൻ റോഡ് പോണ്ടന്റെ മുഖം തെളിയേണ്ടിടത്താണ് പൂച്ചയുടെ മുഖം തെളിഞ്ഞത്.
ആദ്യം എല്ലാവരുമൊന്ന് അന്പരന്നെങ്കിലും പിന്നെ കൂട്ടച്ചിരിയായി. റോഡ് പോണ്ടന്റെ സൂമിലെ ക്യാറ്റ് ഫിൽട്ടർ എങ്ങനെയോ സ്ക്രീനിൽ വന്നതായിരുന്നു പ്രശ്നം.
വാദിച്ചതു പൂച്ചക്കുട്ടി
സൂം സ്ക്രീനിൽ പോണ്ടന്റെ മുഖത്തിനു പകരം എത്തിയ ചാര നിറത്തിലുള്ള പൂച്ചക്കുട്ടി പോണ്ടനെ അനുകരിച്ചു പ്രതികരിച്ചുതുടങ്ങി. പോണ്ടൻ സംസാരിച്ചപ്പോൾ സംസാരിച്ചു.
ടെക്സസിലെ ബ്രൂസ്റ്റർ കൗണ്ടിയിലെ 394-ാമത്തെ ജില്ല കോടതിയിലായിരുന്നു രസകരമായ നിമിഷങ്ങൾ. നിങ്ങളുടെ വീഡിയോയിൽ ഏതോ ഒരു ഫിൽട്ടർ ഓണ്‍ ആണെന്നു തോന്നുന്നുവെന്നു ജഡ്ജി റോയ് ബി ഫെർഗൂസണ് പോണ്ടന്റെ ശ്രദ്ധയിൽപ്പെടുത്തി.
എന്നാൽ, ഇത് ഒാഫ് ചെയ്യുന്നത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. തുടർന്നു പോണ്ടന്റെ സംസാരത്തിനൊപ്പം അഭിനയിച്ചത് ഈ പൂച്ചക്കുട്ടിയായിരുന്നു.
എന്റെ സഹായി ഇതു നീക്കം ചെയ്യാൻ ശ്രമിക്കുന്നുണ്ട് പക്ഷേ, ശരിയാകുന്നില്ല. എന്തായാലും ഇതുമായി മുന്നോട്ടു പോകാൻ ഞാൻ തയാറാണ്.
ഞാൻ ഇവിടെ ലൈവിലാണ്. ഞാൻ പൂച്ചയല്ല എന്നൊക്കെ പോണ്ടൻ ഇടയ്ക്കിടെ വിളിച്ചു പറയുന്നുമുണ്ട്. എനിക്കതു കാണാൻ കഴിയുന്നുണ്ടെന്നായിരുന്നു ഫെർഗൂസന്റെ പ്രതികരണം.
ലൈവിലെ തിരിവ്!
അഭിഭാഷകൻ സെക്രട്ടറിയുടെ കംപ്യൂട്ടറിലായിരുന്നു സൂം മീറ്റിംഗിൽ പങ്കെടുത്തത്. സെക്രട്ടറി എപ്പോഴോ ഓണ്‍ ചെയ്തുവെച്ച ഫിൽട്ടറാണ് പോണ്ടനു പണികൊടുത്തത്.
എന്തായാലും സംഭവത്തെ ജഡ്ജി തന്നെ വൈറലാക്കിയിരിക്കുകയാണ്. ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് അതോടൊപ്പം സൂം വീഡിയോ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട ഒരു ടിപ്പ് കൂടി ഫെർഗൂസണ് നൽകിയിട്ടുണ്ട്.
കുട്ടികളോ മറ്റോ നീങ്ങളുടെ കംപ്യൂട്ടർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വർച്വൽ മീറ്റിംഗിൽ പങ്കെടുക്കുന്നതിനു മുന്‍പ് ഫിൽട്ടറുകളൊന്നും ഓണല്ല എന്നുറപ്പാക്കിയിരിക്കണം. ഇല്ലെങ്കിൽ ഈ പൂച്ചക്കുട്ടി ഒൗദ്യോഗിക വിധി പ്രഖ്യാപനം നടത്തിയതുപോലെയാകും!.