വളർത്തുമൃഗങ്ങളോടുള്ള മനുഷ്യരുടെ സ്നേഹവും അവർക്കു തിരിച്ചുള്ള സ്നേഹവുമൊക്കെ എപ്പോഴും വൈറൽ വാർത്തകളാണ്.
തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് വളർത്തു മൃഗങ്ങൾ ഉടമകളെ സ്നേഹിക്കുന്നതെന്നാണു പറയാറ്.
കാരണം പുറത്തെങ്ങാനും പോയി വന്നാൽ അതുവരെ കാണാതിരുന്നതിന്റെ പരിഭവവുമായി ഓടി വന്ന് മടിയിൽ കയറിയിരിക്കും.
നമ്മളോട് മുട്ടിയുരുമ്മി നടക്കും. എന്നാൽ, മനുഷ്യനോടുള്ളതിനപ്പുറം ഭക്ഷണത്തെ സ്നേഹിക്കുന്ന ഒരു പൂച്ചയെയാണ് വളർത്തുന്നതെങ്കിലോ?
ഇതു വല്യ ശല്യമായല്ലോ
ട്രെക്കിയെന്നാണ് ഈ പൂച്ചയുടെ ഓമനപ്പേര്. വീട്ടുകാർ ഓമനയായി വളർത്തിക്കൊണ്ടു വന്നതാണ് ഇതിനെ. പക്ഷേ, ഇപ്പോൾ ട്രെക്കി ഒരു ശല്യമായി തീർന്നിരിക്കുകയാണെന്നാണ് വീട്ടുകാർ പറയുന്നത്.
കാരണം, ഭക്ഷണം കണ്ടാൽ അവൻ വെറുതെ വിടില്ല. ബസ്കറ്റ് കഴിക്കണമെന്ന് തോന്നിയാൽ ഉടനെ പോയി അത് എടുത്തു കഴിക്കും.
പാൽ കുടിക്കണമെന്ന് തോന്നിയാലും അങ്ങനെ തന്നെ. ട്രെക്കിയുടെ ഈ വികൃതികൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
രുചി ഞാൻ നോക്കും
വീട്ടുകാർ ഭക്ഷണം പാകം ചെയ്യുന്പോൾ അത് നോക്കിയിരിക്കുന്ന ട്രെക്കിയെ കാണാൻ നല്ല ഭംഗിയാണെന്നു ട്രെക്കിയുടെ കഥ സമൂഹ മാധ്യമങ്ങളിൽ കണ്ടവർ പറയുന്നു.
ഭക്ഷണപാക്കറ്റുകൾ കടിച്ചെടുത്തുകൊണ്ടു വരും. വീട്ടുകാർ ഭക്ഷണം കഴിക്കാനിരുന്നാൽ അപ്പോൾ ട്രെക്കിക്കും ഭക്ഷണം വേണം.
കൊടുത്തില്ലെങ്കിലോ കിട്ടുന്നതുവരെ ശല്യം ചെയ്യും. ചിലപ്പോൾ പാത്രത്തിൽ നിന്ന് എടുത്തുകൊണ്ടുപോകും.
പൂട്ടിയിട്ടാലോ?
വീട്ടിലിരുന്ന് മനസമാധാനത്തോടെ ഒന്നും കഴിക്കാൻ വയ്യ. എല്ലാം ട്രെക്കി കയ്യിട്ടുവാരുന്നു. ട്രെക്കി വല്യ ശല്യമായി മാറിയിരിക്കുകയാണെന്നാണ് വീട്ടുകാർ പറയുന്നത്.
അവസാനം വീട്ടുകാർ ഒരു വഴി കണ്ടെത്തി. ഭക്ഷണം കഴിക്കാറാകുന്പോൾ ട്രെക്കിയെ വീട്ടിലെ കുളിമുറിയിൽ പൂട്ടിയിടുക.
പക്ഷേ, അവിടെയും ട്രെക്കി വീട്ടുകാരെ തോൽപ്പിച്ചു. ഒന്നു രണ്ടു ദിവസം കുളിമുറിക്കകത്ത് കിടന്ന ട്രെക്കി ഇപ്പോൾ കുളിമുറിയുടെ വാതിൽ തുറക്കാനും പഠിച്ചിരിക്കുകയാണ്.
ഇതുപോലെ ഭക്ഷണത്തോടെ ആക്രാന്തമുള്ള ഒരു പൂച്ച ലോകത്ത് വേറെയുണ്ടാകില്ലെന്നാണ് വീട്ടുകാർ പരിഭവം പറയുന്നത്.