കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് ക്യാച്ച് എടുത്ത് ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു.
ഒരു ഇന്നിംഗ്സിൽ അഞ്ച് ക്യാച്ച് എടുക്കുന്ന ആദ്യ ഇംഗ്ലീഷ് താരമായി സ്റ്റോക്സ്. ഒരു ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പർ അല്ലാതെ ഒരു കളിക്കാരൻ എടുക്കുന്ന ഏറ്റവും അധികം ക്യാച്ച് എന്ന ലോക റിക്കാർഡിനൊപ്പവും സ്റ്റോക്സ് എത്തി. 11 തവണ ഒരു ഇന്നിംഗ്സിൽ അഞ്ച് ക്യാച്ച് ഫീൽഡർമാർ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
മുഹമ്മദ് അസ്ഹറുദീൻ, സ്റ്റീഫൻ ഫ്ളെമിംഗ്, ഗ്രെയിം സ്മിത്ത്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർക്കൊപ്പമാണ് സ്റ്റോക്സ് ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിൽ ജയിംസ് ആൻഡേഴ്സന്റെ പന്തിൽ അന്റിച്ച് നോർഷെയുടെ ക്യാച്ച് സെക്കൻഡ് സ്ലിപ്പിൽവച്ച് എടുത്തതോടെയാണ് സ്റ്റോക്സ് അഞ്ച് ക്യാച്ച് പൂർത്തിയാക്കിയത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 269നെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിംഗ്സിൽ 223 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്സണ് 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.