ഷൊര്‍ണൂര്‍: അന്യസംസ്ഥാനക്കാരുടെ ശ്രദ്ധയ്ക്ക്. ഇരുപതിനായിരം രൂപ മാസശമ്പളമുള്ള ജോലി നിങ്ങളെ കാത്തിരിക്കുന്നു. നായശല്യംമൂലം ഗതികെട്ട ഒരു ഉന്നത ജനപ്രതിനിധിയുടെ പ്രഖ്യാപനമാണിത്. പ്രഖ്യാപനം കേട്ടെങ്കിലും അന്യസംസ്ഥാനക്കാര്‍ ഏറെയുള്ള ഈ നാട്ടില്‍നിന്നും ഒരാള്‍പോലും തൊഴില്‍ അന്വേഷിച്ച് എത്തിയില്ലെന്നുള്ളത് വേറെ കാര്യം.
മാസശമ്പളം ഇരുപതിനായിരം രൂപ നല്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടും പട്ടിപിടിതുത്തതിന് ആരെയും കിട്ടാത്ത സാഹചര്യമാണുള്ളത്. എല്ലാത്തിനും അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന കേരളം പട്ടിപ്പിടിത്തത്തിനും അന്യസംസ്ഥാനക്കാരെ കാത്തിരിക്കുകയാണ്. ഇതുമൂലം മൃഗസംരക്ഷണ വകുപ്പിന്റെ വന്ധ്യംകരണ പദ്ധതിയും പാളി.
തദ്ദേശ്വസ്വയംഭരണ വകുപ്പ് അധികൃതരും മാസശമ്പളം ഇരുപതിനായിരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആരും മുന്നോട്ടുവരുന്നില്ലെന്നു മാത്രം. ഇതുകൊണ്ടു തമിഴ്‌നാട്ടുകാരായ പട്ടിപിടുത്തക്കാരെ കാത്തിരിക്കുകയാണ് പ്രാദേശിക ഭരണകൂടങ്ങള്‍.ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം സംസ്ഥാനത്ത് ഊര്‍ജിതമായി നടപ്പാക്കാന്‍ മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചിരുന്നു. ഇതുവഴി പട്ടിപ്പിടിത്തക്കാരെ ക്ഷണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അറിയിപ്പും നല്കി. എന്നാല്‍ ആരുംതന്നെ മുന്നോട്ടുവന്നില്ല.
ഇരുപതിനായിരമല്ല എത്ര നല്കാനും തദ്ദേശസ്ഥാപനങ്ങള്‍ തയാറാണ്. എന്നാലും മലയാളികളെ ഈ പണിക്ക് കിട്ടുന്നില്ല. ശാസ്ത്രീയമായി നെറ്റ് ഉപയോഗിച്ചാണ് നായയെ പിടിക്കേണ്ടത്. തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കന്നിമാസം ആഘോഷിക്കുന്ന നായ്ക്കൂട്ടം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവയെ പിടികുടാനോ വന്ധ്യംകരണം നടത്താനോ അധികൃതര്‍ തയാറാണെങ്കിലും ഇതിനു തയാറായി ആരും വരാത്തതാണ് മുഖ്യപ്രശ്‌നമാകുന്നത്.