മഞ്ഞിൽ കുടുങ്ങിപ്പോയ മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിച്ച യാത്രികന് അഭിനന്ദന പ്രവാഹം. കാനഡയിലാണ് സംഭവം. കെൻഡാൽ ദിവിസ്ക് എന്നാണ് ഇയാളുടെ പേര്.
ആൽബെട്ടയ്ക്ക് സമീപമുള്ള തൊമഹൗകിൽ എന്ന സ്ഥലത്തുള്ള ഒരു എണ്ണകിണർ പരിശോധിക്കുവാൻ പോകുകയായിരുന്നു. ഇയാൾ. യാത്രക്കിടയിലാണ് വഴിയിൽ മഞ്ഞിനുള്ളിൽ കുടുങ്ങി കിടക്കുന്ന പൂച്ചകളെ ഇദ്ദേഹം കണ്ടത്. വാലുകൾ മഞ്ഞിൽ ഉറച്ചിരുന്നതിനാൽ ഇവയ്ക്ക് നീങ്ങുവാൻ സാധിച്ചിരുന്നില്ല.
അവയെ രക്ഷപെടുത്തുവാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് ആദ്യം ഇത് സാധിച്ചില്ല. തുടർന്ന് വാഹനത്തിനുള്ളിലിരുന്ന ഫ്ളാസികിൽ നിന്നും ചൂട് കാപ്പി പൂച്ചയുടെ വാലിൽ ഒഴിച്ചു. ഇതോടെ മഞ്ഞ് ഉരുകിയപ്പോൾ പൂച്ചയുടെ വാൽ വലിച്ചെടുക്കുകയായിരുന്നു അദ്ദേഹം. ഈ സമയം നിലത്ത് വീണ കാപ്പി പൂച്ചകൾ കുടിക്കുന്നുണ്ടായിരുന്നു.
ഈ മൂന്ന് പൂച്ചകളെയും അദ്ദേഹം തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. പൂച്ചകളെ ഏറ്റെടുക്കുവാൻ ആരെങ്കിലും തയാറോണോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയുമായി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. മൂന്ന് പൂച്ചകളെയും ഒന്നിച്ച് ഏറ്റെടുക്കണമെന്നും അവയെ വേർപിരിക്കുവാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മൂന്ന് പൂച്ചകളും പുതിയ വീട്ടിലേക്ക് താമസം മാറ്റിയെന്ന് അദ്ദേഹം പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. മിണ്ടാപ്രാണികളോട് അങ്ങേയറ്റം കരുണകാണിച്ച കെൻഡലിനെ തേടി അഭിനന്ദനപ്രവാഹമാണ്.