മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ആയി അവരോധിക്കപ്പെട്ട ശേഷം 1985ൽ അഭിവന്ദ്യ പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് ( പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ) കുന്നംകുളത്ത് നൽകിയ സ്വീകരണത്തിലെ ചിത്രം.
കുന്നംകുളം: 1985ലാണ് കുന്നംകുളം ഭദ്രാസനം തുടങ്ങിയത്. അന്ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ ഈ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായി ഇദ്ദേഹം തന്നെയാണ് എല്ലാ സഭാ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കിയത്.
കാതോലിക്കാ ബാവായിട്ടും കുന്നംകുളം ഭദ്രാസനത്തിലെ അവസാന വാക്ക് അദ്ദേഹത്തിന്റെ തന്നെയായിരുന്നു.
ബാവാ മുൻകൈയെടുത്ത് ഈ മേഖലയിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു. കുന്നംകുളത്ത് ജാതിമത വ്യത്യാസം നോക്കാതെ ജീവകാരുണ്യ രംഗത്ത് പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു.
അടുപ്പുട്ടിയിൽ ഒരു കുടുംബത്തിന്റെ വിഷമസന്ധിയിൽ ഇവർക്കു വീടു വയ്ച്ചു നല്കാൻ ഇദ്ദേഹം തന്നെ മുന്നിട്ടിറങ്ങി. അയ്യംപറന്പിലെ സ്രോതസ് വില്ലേജിൽ നിർധനർക്കായി ഇപ്പോഴും സ്പോൺസർമാരെ കണ്ടെത്തി വീടുകൾ നിർമിച്ചു നൽകി വരുന്നു. 10 വീടുകൾ ഇതിനകം നിർമിച്ചുനല്കി കഴിഞ്ഞു.
ഗുഡ്ഷെപ്പേർഡ് സ്കൂളിലെ ഫാ.ഫ്രാങ്കിന്റെ സഹായത്തോടെ കുന്നംകുളം കേന്ദ്രീകരിച്ച് എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ക്രിസ്തീയ സഭാ കൂട്ടായ്മക്കും ബാവ മുന്നിൽ നിന്നു.സഭകളിലെ വൈദികർക്ക് ഒത്തു ചേരാനും വേദപഠനത്തിനും ആശയങ്ങൾ പങ്കുവയ്ക്കാനും ആരംഭിച്ച പുതിയൊരു മുന്നേറ്റവും ഏറെ ശ്രഡിക്കപ്പെട്ടു.
പരിസ്ഥിതി സംരക്ഷണ തൽപ്പരനായ ബാവാ ഭദ്രാസനത്തിൽ മാത്രമല്ല സഭയിലെങ്ങും പരിസ്ഥിതി കമ്മിഷനും അതിന്റെ പ്രവർത്തങ്ങൾക്കും ചുക്കാൻ പിടിച്ച വ്യക്തിത്വമായിരുന്നു.കുന്നംകുളം ഭദ്രാസനത്തിനു ആസ്ഥാനം പണിയാൻ വാങ്ങിയ സ്ഥലം മരങ്ങൾ വച്ച് പിടിപ്പിച്ച് മനോഹരമാക്കിയതും അദ്ദേഹം തന്നെയായിരുന്നു.
ആസ്ഥാനത്തെ പറന്പിൽ നിന്ന് വിലകൂടിയ മരങ്ങൾ ചിലർ മുറിച്ചെടുത്തതറിഞ്ഞ ഇദ്ദേഹം ഇരട്ടിയോളം വൃക്ഷതൈകൾ നട്ടാണ് വീണ്ടും പച്ചപ്പുണ്ടാക്കിയത്. ഫലവൃക്ഷങ്ങളുടെ ഫലങ്ങൾ അതിഥികൾക്ക് നൽകുന്നതിലും ഇദ്ദേഹം ഏറെ സന്തോഷം കണ്ടെത്തിയിരുന്നു. ഈ ലാളിത്യവും വിനയവും ഒത്തുചേർന്ന ഈ സന്യാസി ജീവിതം കുന്നംകുളത്തുകാർക്ക് ഒരിക്കലും മറക്കാനാവുകയുമില്ല.