സാഹെൽ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു.
വടക്കുകിഴക്കൻ മേഖലയിലെ സാഹെൽ പ്രവിശ്യയിലെ എസാകെയ്ൻ ഗ്രാമത്തിലായിരുന്നു ആക്രമണം. മാലി, നൈജർ രാജ്യങ്ങളുടെ അതിർത്തിയിലാണ് ഈ ഗ്രാമം.
12 പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിലുമാണു മരിച്ചതെന്ന് ഡോറി രൂപത വികാരി ജനറൽ ജീൻ പിയർ സവാദോഗോ പറഞ്ഞു.
ബുർക്കിന ഫാസോയിൽ മൂന്നു വർഷമായിഇസ്ലാമിക ഭീകരരുടെ ആക്രമണം വർധിച്ചുവരികയാണ്. നിരവധി പള്ളികൾ ആക്രമിക്കപ്പെട്ടു. രാജ്യത്തിന്റെ മൂന്നിലൊന്നു ഭാഗം ഭീകരരുടെ നിയന്ത്രണത്തിലാണ്. 20,000 പേരാണ് രാജ്യത്തു കൊല്ലപ്പെട്ടത്. ബുർക്കിന ഫാസോയിലെ 2.4 കോടി ജനങ്ങളിൽ 20 ലക്ഷം പേർ പലായനം ചെയ്തു.
സാഹെൽ പ്രവിശ്യയിൽ അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രൂക്ഷ ആക്രമണമാണു നടത്തുന്നത്. ജിഹാദികളെ തുരത്താൻ, ആവശ്യമെങ്കിൽ റഷ്യൻ സൈന്യത്തെ ബുർക്കിന ഫാസോയിൽ വിന്യസിക്കുമെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് ഇബ്രാഹിം ട്രാവോർ പ്രഖ്യാപിച്ചിരുന്നു.