സിജോ പൈനാടത്ത്
കേരളത്തിലെ കത്തോലിക്കാ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളവര്‍ധന നടപ്പാക്കി. ശമ്പളപരിഷ്കരണം സംബന്ധിച്ചു സര്‍ക്കാരിന്റെ അന്തിമ ഉത്തരവ് വരുന്നത് അനിശ്ചിത മായി നീളുന്നതിനിടെ 300 കിടക്കകളിലധികമുള്ള എല്ലാ കത്തോലിക്കാ ആശുപത്രികളിലും പുതുക്കിയ ശമ്പളം വിതരണംചെയ്തു. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ഐആര്‍സി) ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 300 കിടക്കകളിലധികമുള്ള ആശുപത്രികളില്‍ ഇരുപതിനായിരം രൂപയാണു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച വേതനം. ഇതിനെ ആധാരമാക്കി കെസിബിസി ഹെല്‍ത്ത് കമ്മീഷനും ആശുപത്രികളില്‍ ശമ്പളവര്‍ധനയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ (ചായ് കേരള) കീഴില്‍, 300 കിടക്കകളിലധികമുള്ള ആശുപത്രികളില്‍ പുതുക്കിയ ശമ്പളനിരക്ക് നടപ്പാക്കിക്കഴിഞ്ഞു. ഏതാനും ആശുപത്രികളില്‍ ശമ്പളനിരക്കില്‍ നൂറു ശതമാനത്തോളം വര്‍ധനയുണ്ടായി. തുടക്കക്കാര്‍ക്ക് 21,000 മുതല്‍ 22,200 വരെ ഇത്തരം ആശുപത്രികളില്‍ നല്‍കിവരുന്നുണ്ട്. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്കും ആനുപാതിക ശമ്പളവര്‍ധന നടപ്പാക്കി വരികയാണ്.
101 മുതല്‍ 300 വരെ കിടക്കകളുള്ള 27 ആശുപത്രികളില്‍ അടിസ്ഥാന ശമ്പത്തിന്റെ 50 ശതമാനം വര്‍ധന കത്തോലിക്കാ ആശുപത്രികള്‍ നടപ്പാക്കി. 51 മുതല്‍ നൂറു വരെ കിടക്കകളുള്ള കത്തോലിക്കാ ആശുപത്രികളില്‍ കെസിബിസി നിര്‍ദേശപ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം വര്‍ധന നടപ്പാക്കി. അമ്പതില്‍ താഴെ കിടക്കകളുള്ള ആശുപത്രികളിലും ശമ്പളവര്‍ധന നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തു സ്വകാര്യ മേഖലയില്‍ ചെറുതും വലുതുമായ മൂവായിരത്തോളം ആശുപത്രികളുണ്ട്. ഇതില്‍ ഇരുന്നൂറോളം ആശുപത്രികളാണ് ചായ് കേരളയ്ക്കു കീഴിലുള്ള കത്തോലിക്കാ മാനേജ്മെന്റ് ആശുപത്രികള്‍. ഇതില്‍ പത്തു മുതല്‍ 1500 വരെ കിടക്കകളുള്ള ആശുപത്രികളുണ്ട്.
ഒപി, ചികിത്സാ നിരക്കുകളില്‍ കാര്യമായ വര്‍ധനയില്ലാതെയാണു വലിയ ആശുപത്രികളിലേറെയും നഴ്സുമാരുടെ ശമ്പളവര്‍ധന നടപ്പാക്കിയത്. ഇതുമൂലം ഓരോ മാസവും വലിയ സാമ്പത്തിക ബാധ്യതയും വരും. വലിയ ആശുപത്രികളില്‍ ശമ്പളവര്‍ധനയിലൂടെ അന്‍പതു ലക്ഷം മുതല്‍ 3.5 കോടി വരെ പ്രതിമാസം അധികച്ചെലവുണ്ടെന്നാണു കണക്കുകള്‍.
പ്രതിസന്ധികളുണ്ടെങ്കിലും നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും അര്‍ഹതപ്പെട്ട ശമ്പളം നല്കണമെന്നതു തന്നെയാണു കത്തോലിക്കാ ആശുപത്രികളുടെ നയമെന്നു ചായ് കേരള പ്രസിഡന്റ് ഫാ.തോമസ് വൈക്കത്തുപറന്പില്‍, കെസിബിസി ഹെല്‍ത്ത് കമ്മീഷന് സെക്രട്ടറിയും ചായ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട എന്നിവര്‍ പറഞ്ഞു. ഏതാനും ചെറിയ ആശുപത്രികള്‍ ഒഴികെ കത്തോലിക്കാസഭയുടെ കീഴിലുള്ള മറ്റെല്ലായിടത്തും വേതനം വര്‍ധിപ്പിച്ചു കഴിഞ്ഞു. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ നിലനില്പിനെ സഹായിക്കുന്ന നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.