ആണെങ്കിലും അല്ലെങ്കിലും എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ് തെന്നിന്ത്യൻ താരം കാതറിൻ ട്രീസ. ഫഹദ് ഫാസിലാണു നായകൻ. ഫഹദിന്റെ കൂടെ അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്ന് കാതറിൻ ട്രീസ പറയുന്നു.
ചിത്രത്തിന്റെ കഥ വല്ലാതെ തന്നെ ആകർഷിച്ചിരുന്നു അതിനാലാണ് അഭിനയിച്ചതെന്നും താരം പറഞ്ഞു. ഹൈദരാബാദിൽ 65-ാമത് ജിയോ ഫിലിംഫെയർ അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോളായിരുന്നു കാതറിന്റെ പ്രതികരണം.
നവാഗത സംവിധായകൻ വിവേക് തോമസ് റൊമാന്റിക് കോമഡി വിഭാഗത്തിൽ ഒരുക്കുന്ന ചിത്രമാണ് ആണെങ്കിലും അല്ലെങ്കിലും. ഫഹദ് ഫാസിൽ ഒരു പ്ലേബോയ് കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ കോട്ടയത്തുകാരി നാടൻ പെണ്‍കുട്ടിയായാണ് കാതറിൻ എത്തുന്നത്.
ബംഗളൂരു, പുതുച്ചേരി, കൂട്ടിക്കൽ,കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. ഷറഫുദിൻ,രഞ്ജി പണിക്കർ, ധർമജൻ ബോൾഗാട്ടി, അലൻസിയർ, തെസ്നി ഖാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കും. എട്ടുവർഷം മുൻപ് ഇറങ്ങിയ ത്രില്ലർ ആണ് കാതറിൻ ഇതിനു മുൻപ് അഭിനയിച്ച മലയാള ചിത്രം. പൃഥ്വിരാജ് ആയിരുന്നു ത്രില്ലറിൽ നായകൻ.