കോട്ടയം: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് വിശ്വാസികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാതോലിക്കാ ബാവയുടെ ഭൗതിക ശരീരം ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്ത് ഇന്നലെ രാത്രിയോടെ എത്തിച്ചു.
ഭൗതിക ശരീരം ദർശിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവരും നിരവധി വിശ്വാസികളുംദേവലോകത്തെ അരമനയിലെത്തി.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചടങ്ങുകൾ നടന്നത്. ഇന്നു രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം എട്ടോടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പൊതു ദർശനത്തിനായി അരമന കോന്പൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റി. ഉച്ചകഴിഞ്ഞ് മൂന്നിനു് കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചു.
വിടവാങ്ങൽ ശുശ്രൂഷയ്ക്കായി അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു കൊണ്ടു വന്നു ശുശ്രൂഷകൾ പൂർത്തീകരിച്ച് അഞ്ചരയോടെഅരമന ചാപ്പലിനോടു ചേർന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേർന്നുള്ള കബറിടത്തിൽ സംസ്കാരം നടത്തി.
ഇന്നലെ രാത്രി 11.45ഓടെയാണ് ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ദേവലോകത്ത് എത്തിയത്. നിരവധി വാഹനങ്ങളുടെ അകന്പടിയോടെയാണു വിലാപയാത്ര പരുമലയിൽനിന്നു കോട്ടയത്തേക്ക് എത്തിയത്.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര സുറിയാനി സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവർ ദേവലോകത്ത് എത്തി ആദരാജ്ഞലികൾ അർപ്പിച്ചു
ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, മാർ തോമസ് തറയിൽ എന്നിവരും ദേവലോകം അരമനയിലെത്തി കാതോലിക്ക ബാവയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ദീപികയ്ക്കുവേണ്ടി രാഷ്ട്ര ദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേൽ അന്തിമോപചാരം അർപ്പിച്ചു