കോട്ടയം: ഇന്നു പുലർച്ചെ കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ കബറടക്കം ചൊവ്വാഴ്ച. 75 വയസായിരുന്നു.
അർബുദബാധിതനായി പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ 2.35നായിരുന്നു വിയോഗം.കബറടക്ക ശുശ്രൂഷ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു കോട്ടയം ദേവലോകം അരമനയിൽ.
മലങ്കര ഓർത്തഡോക്സ് സഭയിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളത്തുനിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ.
ദേവലോകം അരമനയിൽ ഒരുക്കങ്ങൾ തുടങ്ങി
കോട്ടയം: കാലം ചെയ്ത കാതോലിക്കാ ബാവയുടെ ഭൗതിക ശരീരം പരുമല ആശുപത്രിയിൽനിന്നു പരുമല പള്ളിയിലേക്കു കൊണ്ടുപോയി.
രാവിലെ പള്ളിയിൽ എത്തിച്ചേർന്ന ഭൗതിക ശരീരത്തിൽ വിശ്വാസികൾ ആദരാജ്ഞലികൾ അർപ്പിച്ചു. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാന അർപ്പിച്ചു; രാത്രി ഏഴുവരെ ഭൗതിക ശരീരം പരുമല പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്നു വിടവാങ്ങൽ പ്രാർഥനയ്ക്കു ശേഷം എട്ടോടെ ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു വിലാപയാത്രയായി കാവുംഭാഗം – മുത്തൂർ – ചങ്ങനാശേരി വഴി ദേവലോകം അരമനയിൽ എത്തിക്കും.
രാത്രി ഒന്പതിനു കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ എത്തിച്ചേരുന്ന ബാവാ തിരുമേനിയുടെ ഭൗതിക ശരീരം ദേവലോകം അരമന ചാപ്പലിൽ പ്രാർഥനയ്ക്കു ശേഷം പൊതുദർശനത്തിനുവയ്ക്കും.
ചൊവ്വാഴ്ച രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലിലെ വിശുദ്ധ കുർബാനയ്ക്കു ശേഷംഎട്ടിനു കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ചുള്ള പൊതു ദർശനത്തിനായി, അരമന കോന്പൗണ്ടിൽ ക്രമീകരിച്ചിട്ടുള്ള പന്തലിലേക്കു ഭൗതിക ശരീരം മാറ്റും.
കബറടക്ക ശുശ്രൂഷയുടെ സമാപനത്തിന്റെ ഭാഗമായ വിടവാങ്ങൽ ശുശ്രൂഷയ്ക്കായി ഉച്ചകഴിഞ്ഞു മൂന്നിനു ഭൗതിക ശരീരം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു കൊണ്ടു വരുന്നതും ശുശ്രൂഷകൾ പൂർത്തീകരിച്ച് അഞ്ചിനു ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിനോടു ചേർന്നുള്ള കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേർന്നുള്ള കബറിടത്തിൽ സംസ്കാരം നടക്കും.