കാസര്‍ഗോഡ്: കോവിഡ് 19 ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ താവളമടിച്ച പൂച്ചക്കുടുംബത്തെ വലയിട്ടു പിടിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ എബിസി കേന്ദ്രത്തിലാക്കി.
കോവിഡ് രോഗികളെ പാര്‍പ്പിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ പൂച്ചകള്‍ അലഞ്ഞുനടക്കുന്നതിന്റെ ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വെറ്ററിനറി സര്ജന്മാരായ ഡോ. ഫാബിന് പൈലി, ഡോ. അശ്വിന് എന്നിവരടങ്ങിയ സംഘം കോവിഡ് പ്രതിരോധ വസ്ത്രം ധരിച്ച് നായപിടിത്തക്കാരുടെ സഹായത്തോടെയാണ് പൂച്ചകളെ വലയിട്ടു പിടികൂടിയത്.
രണ്ട് കണ്ടന് പൂച്ചകളും ഒരു ചക്കിയും രണ്ട് കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. ഇവയെ റെയില്‍വേ സ്റ്റേഷന് റോഡില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള എബിസി കേന്ദ്രത്തിലേക്കു മാറ്റി.
എബിസി കേന്ദ്രത്തിലെ ബംഗാള്‍ സ്വദേശികളായ പട്ടിപിടുത്തക്കാരുടെ പരിചരണത്തില്‍ ഇവയ്ക്ക് പാലും മറ്റു ഭക്ഷണവും നല്കി ഏതാനും നാള് നിരീക്ഷണത്തിലാക്കും.
മൃഗങ്ങളിലൂടെ രോഗപ്പകര്‍ച്ച ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള അറിവെങ്കിലും കോവിഡ് രോഗഭീതി അകന്നതിനു ശേഷം മാത്രം ഇവയെ തുറന്നുവിട്ടാല്‍ മതിയെന്നാണ് തീരുമാനം.
എ ബി സി കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. ശ്രാവണ്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ബി. ശിവ നായക് എന്നിവര്‍ ലോക്ഡൗണില്‍ മംഗളൂരുവില്‍ കുടുങ്ങിയിരിക്കുകയാണ്.