മനുഷ്യർക്ക് പട്ടികളേയും പൂച്ചകളേയുംമൊക്കെ വളരെയേറെ ഇഷ്ടമാണ്. ചിലരാകട്ടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് അവയെ കാണുന്നത്. ഓമനിച്ച് വളർത്തുന്ന മൃഗങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ ഉടമയ്ക്ക് സഹിക്കാൻ സാധിക്കില്ല. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
യുപിയിലെ അമ്രോഹ ജില്ലയിലെ ഹസന്പൂർ സ്വദേശിനിയായ 32 -കാരിയായ പൂജ എന്ന യുവതി താൻ ഓമനിച്ചു വളർത്തിയ പൂച്ച ചത്തു പോയതോടെ ജീവനൊടുക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂജയുടെ പൂച്ച ചത്ത് പോയത്. അതിനു ശേഷം യുവതി കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്ന് കുടുംബം പറഞ്ഞു.
കിടക്കുമ്പോൾ യുവതി പൂച്ചയുടെ മൃതദേഹവും തന്റെ കൂടെ കിടത്തി ഉറങ്ങി. പൂച്ച ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നാണ് ഇവർ അവകാശപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞും ഒന്നും സംഭവിക്കാതായപ്പോൾ സങ്കടം സഹിക്കാനാകാതെ യുവതി ജീവനൊടുക്കുകയായിരുന്നു.
രണ്ട് വർഷം മുൻപാണ് യുവതി ഭർത്താവുമായി വിവാഹ ബന്ധം വേർപെടുത്തിയത്. അതോടെ പൂച്ച ആയിരുന്നു ഇവർക്ക് എല്ലാം. പൂച്ചയുടെ മരണത്തോടെ ഇവർ തകർന്നുപോയി. ശനി രാത്രി എട്ടോടെ അമ്മ പൂജയുടെ മുറിയിലെത്തിയപ്പോൾ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് മരിച്ച പൂച്ചയുടെ മൃതദേഹവും ഉണ്ടായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി തുടര്‍ നടപടികൾ ചെയ്തു.