നവാസ് മേത്തര്‍
തലശേരി: പ്രവര്‍ത്തകര്‍ക്ക് ഇല്ലാത്ത സുരക്ഷ തങ്ങള്‍ക്ക് വേണ്ടെന്ന് ബിജെപി നേതാക്കള്‍. കേന്ദ്രം ഒരുക്കിയ വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് നേതാക്കള്‍ രേഖാമൂലം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ബിജെപി ദേശീയ സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റും തെലുങ്കാന സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുമുള്ള പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് തങ്ങള്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ വേണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചത്.
ഇതിനിടയില്‍ ആര്‍എസ്എസിന്റെ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളുടെ ചുമതലയുള്ള വിഭാഗ് കാര്യവാഹക് വി.ശശിധര ന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും ഒരു എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കതിരൂര്‍ കക്കറയിലുള്ള ശശിധരന്റെ ഭാഗ്യശ്രീ എന്ന ഭവനത്തിലും പരിസരത്തുമായി നിലയുറപ്പിച്ചിട്ടുള്ളത്. ശശിധരന്റെ വീട്ടില്‍ പ്രത്യേക ബുക്ക് സ്ഥാപിക്കുകയും ഇതില്‍ സുരക്ഷയ്ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ ഒപ്പിടുകയും ചെയ്യുന്നുണ്ട്. ഏതാനും ദിവസം മുമ്പ് ശശിധരനു നേരേ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
ഒരു പ്രമുഖ തീവ്രവാദ സംഘടന പി.കെ.കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നാല് ബിജെപി നേതാക്കളെ ലക്ഷ്യമിട്ടിട്ടുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ കൃഷ്ണദാസിന്റെ തിരുവങ്ങാട്ടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
വൈ കാറ്റഗറി സുരക്ഷയുമായി ബന്ധപ്പെട്ട് നേതാക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും കേന്ദ്ര സംഘം കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരോട് വിശദമായി സംസാരിക്കുകയും ചെയ്തു. മാത്രമല്ല ഓരോ ദിവസത്തേയും യാത്രാ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് നേരത്തെ തന്നെ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. വൈ കാറ്റഗറി സുരക്ഷയാണ് കൃഷ്ണദാസുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നത്.
11 പേരടങ്ങുന്ന സായുധ സംഘമാണ് വൈ കാറ്റഗറിയില്‍ സുരക്ഷയ്ക്കെത്തേണ്ടിയിരുന്നത്. തോക്കേന്തിയ മൂന്നു ഭടന്മാര് നേതാക്കള്‍ക്കൊപ്പവും മറ്റ് എട്ട് പേര് വീട്ടിലുമാണ് കാവല്‍ നില്ക്കാന് തീരുമാനിച്ചിരുന്നത്. മൂന്ന് പേരില്‍ ഒരാള്‍ യൂണിഫോമില്‍ സ്റ്റെന്ഗണ്ണുമായി നേതാക്കള്‍ക്കൊപ്പം നടക്കുകയും മറ്റ് രണ്ട് പേര് മഫ്തിയില്‍ പിസ്റ്റളും കൈയിൽ കരുതി ഒപ്പം സഞ്ചരിക്കുകയും ചെയ്യുമെന്നായിരുന്നു അന്ന് തലശേരിയിലെത്തിയ കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്. സുരക്ഷാ സേനാംഗങ്ങള്‍ക്ക് താമസിക്കാന്‍ നേതാക്കളുടെ വീടിനു തൊട്ടടുത്തായി ടെന്റ് കെട്ടാനുള്ള നടപടികളും പുരോഗമിക്കുന്നതിനിടയിലാണ് പ്രവര്‍ത്തകര്‍ക്കില്ലാത്ത സുരക്ഷ തങ്ങള്‍ക്ക് വേണ്ടെന്ന് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്.
കോഴിക്കോട് നടന്ന ബിജെപി ദേശീയസമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്, എം.ടി രമേശ് എന്നിവര്‍ക്ക് തീവ്രവാദ സംഘടനകളില്‍ നിന്നും ഭീഷണിയുള്ളതായി കണ്ടെത്തിയത്.
പിന്നീട് ചൊക്ലി കനകമലയില്‍ നിന്നും തീവ്രവാദികളെ പിടികൂടിയ സാഹചര്യം കൂടി വന്നതോടെ എത്രയും പെട്ടെന്ന് നാല് നേതാക്കള്‍ക്കും സുരക്ഷയൊരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുകയായിരുന്നു. കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാണെന്ന് അറിയിക്കാന്‍ തീവ്രവാദികള്‍ നേതാക്കളെ ആക്രമിക്കാന്‍ പദ്ധതി യുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബിജെപി നേതാക്കളെ അറിയിച്ചിരുന്നു.