ആലുവ: കൊറോണക്കാലത്ത് മാസ്ക്ക് ധരിക്കൽ നിർബന്ധമായതോടെ കാർട്ടൂൺ കഥാപാത്രങ്ങൾ പ്രിന്റ് ചെയ്തു നിർമിച്ച കുട്ടി മാസ്ക്കുകൾ വിപണിയിലെത്തി.
ഡിസൈനർ മാസ്ക്കുകൾക്കും യൂണിഫോം മാസ്ക്കുകൾക്കും പിന്നാലെയാണ് കൗതുകം ജനിപ്പിച്ച് ചെറിയ മാസ്ക്കുകൾ കുട്ടികൾക്കായി എത്തിയിരിക്കുന്നത്. ഇഷ്ടകഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിച്ചിട്ടുള്ളതിനാൽ കുട്ടികൾ മാസ്ക്ക് ധരിക്കാൻ വിമുഖത കാട്ടില്ലെന്നാണ് നിഗമനം.
കഴുകി വീണ്ടും ഉപയോഗിക്കാവുന്ന രണ്ട് ആവരണങ്ങളുള്ള മാസ്ക്കാണ് കുട്ടികൾക്കായി തയാറാക്കിയിരിക്കുന്നത്. കോട്ടൺ, പേപ്പർ, ബനിയൻ, ഡിസ്പോസിബിൾ തുടങ്ങിയവ കൊണ്ട് വനിതാസംഘങ്ങളാണ് നിർമാണം.
മാസ്ക്കുകൾക്ക് ഒരുമാസം വരെ ഗാരണ്ടി നൽകുമെന്നു മൊത്തവ്യാപാരിയായ ജോഷി അറയ്ക്കൽ പറഞ്ഞു. അഞ്ചു രൂപ മുതൽ 150 രൂപ വരെയുള്ള മാസ്ക്കുകൾ വിപണിയിലെത്തി.