മുക്കം: റോഡരികിലെ വെള്ളക്കെട്ടിൽ പൂച്ചക്കുട്ടികളെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചപ്പോൾ മിണ്ടാപ്രാണികൾക്ക് രക്ഷകനായി ഒരു യുവാവ്.
കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശിയായ സഫീർ താന്നിക്കൽ തൊടിയാണ് മിണ്ടാപ്രാണികൾക്ക് രക്ഷകനായത്.
കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് പന്നിക്കോട് കെഎസ്ഇബി ഓഫിസിന് മുൻവശത്ത് രണ്ട് പൂച്ച കുട്ടികളെ ചാക്കിൽ കെട്ടി ആരോ കൊണ്ടിട്ടിരിക്കുന്നുവെന്ന് സുഹൃത്ത് ഫോണിൽ വിളിച്ചു പറഞ്ഞത്.
കനത്ത മഴയായിരുന്നങ്കിലും മഴയൊന്നും കാര്യമാക്കാതെ അവിടെ ചെന്നപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ വെള്ളം നിറഞ്ഞ് പൂച്ചക്കുട്ടികൾ മുങ്ങി നിൽക്കുന്നതായിരുന്നു സഫീർ കണ്ടത്.
ഉടൻതന്നെ അവയെ ചാക്കിൽ നിന്നെടുത്ത് ധരിച്ചിരുന്ന തുണിയിൽ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴാണ് ഒരു തളള പൂച്ച കുഞ്ഞിനെയും കടിച്ച് പിടിച്ച് സഫീറിൻ്റെ അടുത്തേക്ക് വന്നത്.
അതിൻ്റെ വായിൽ നിന്ന് ആ കുഞ്ഞിനെയും എടുത്ത് തുണിയിൽ പൊതിഞ്ഞ് തള്ള പൂച്ചയേയും സഫീർ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.
പൂച്ചകളെ ഏറെ ഇഷ്ടപ്പെടുന്ന സഫീർ വീട്ടിലും പന്നിക്കോട് അങ്ങാടിയിലുമായി 15 പൂച്ചകൾക്കാണ് ദിവസവും ഭക്ഷണം നൽകുന്നത്.
ലോക്ക്ഡൗൺ സമയത്ത് അങ്ങാടിയിലെ ഹോട്ടലുകൾ അടഞ്ഞ് കിടന്നതോടെ ഭക്ഷണം കിട്ടാതെ അവശനിലയിലായ രണ്ട് പൂച്ചക്കുട്ടികളെ വീട്ടിൽ കൊണ്ട് വന്ന് വളർത്തിയതോടെയാണ് സഫീറിന് പൂച്ചകളോട് ഇഷ്ടം തോന്നി തുടങ്ങിയത്.
മിണ്ടാപ്രാണികളായ പൂച്ചകളെ പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി റോഡരികിൽ കൊണ്ടുവന്ന് തള്ളരുതെന്നും അവർക്കും ജീവിക്കാൻ അവകാശമുണ്ടെന്നും സഫീർ ഉണർത്തുന്നു.