മനുഷ്യൻ മദ്യം വാങ്ങുന്നതും കുടിക്കുന്നതുമൊന്നും ഒരു പുതുമയല്ല. എന്നാൽ പശുവിന് മദ്യം നൽകുന്ന ആരെക്കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ? സംഭവം സത്യമാണ്. ബെൽജിയത്തിലെ ചിമെയ് സ്വദേശിയായ ഹ്യൂഗ്സ് ഡെർസെല്ലി എന്ന ഫാം ഉടമയാണ് തന്റെ പശുക്കൾക്ക് ദിവസവും നാലു ലിറ്റർ ബിയർ നൽകുന്നത്. മാംസത്തിന് സ്വാദ് കൂടുതൽ ലഭിക്കുന്നതിനായാണ് അദേഹം തന്റെ ഫാമിലെ ചില പശുക്കൾക്ക് ബിയർ നൽകുന്നത്.
ജാപ്പനീസ് മാംസ വ്യാപാരികൾ അവരുടെ പശുക്കൾക്ക് ബിയർ കുടിക്കാൻ നൽകുമെന്ന് കേട്ടറിഞ്ഞാണ് ഹ്യൂഗ്സ് ഈ മാർഗം സ്വീകരിച്ചത്. കഴിഞ്ഞ നവംബർ മുതലാണ് അദ്ദേഹം തന്റെ ഫാമിലെ രണ്ടു പശുക്കൾക്ക് ബിയർ നൽകാൻ തുടങ്ങിയത്. ഇതിനെ തുടർന്ന് ഈ പശുക്കളുടെ ഇറച്ചിക്ക് വളരെ സ്വാദ് ലഭിച്ചുവെന്നാണ് അദേഹം പറയുന്നത്.
അഞ്ചു ശതമാനം മാത്രം ആൽക്കഹോൾ അടങ്ങിയ ബിയറാണ് ഹ്യൂഗ്സ് തന്റെ പശുക്കൾക്ക് നൽകുന്നത്. പശുക്കൾക്ക് ബിയർ നൽകുന്നതു കൊണ്ട് അവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മാത്രല്ല, പശുക്കളുടെ വയറ്റിൽ ആരോഗ്യകരമായ പല മാറ്റങ്ങളും ഇതിനെ തുടർന്ന് ഉണ്ടാകും. വളരെ കുറഞ്ഞ അളവിൽ മാത്രമേ മദ്യത്തിന്റെ അംശം അവയുടെ രക്തത്തിൽ കലരുകയുള്ളു.മറ്റു മാംസങ്ങളെ അപേക്ഷിച്ച് ഇതിന് വില കൂടുതലാണെന്നാണ് ഹ്യൂഗ്സ് പറയുന്നത്.