ഛത്തീസ്ഗഡ്: പശുക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിലെ റായ്പുരിൽ രണ്ട് മുസ്ലിം യുവാക്കളെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി.
മഹാസമുന്ദിലെ ഗ്രാമത്തിൽ നിന്ന് എരുമകളുമായി പോയ ഛന്ദ് മിയ, ഗുഡു ഖാൻ എന്നിവരെയാണ് മഹാനദി പുഴയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം ആക്രമണത്തിന് ഇരയായ സദ്ദാം ഖാൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
അറാംഗ് മഹാനദി പുഴക്ക് കുറുകെയുള്ള പാലത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരകൃത്യം നടന്നത്. എരുമകളുമായി പോകുന്ന സമയം വഴിമധ്യേ ചാന്ദ് മിയയെയും ഗുഡു ഖാനെയും അക്രമികൾ ട്രക്കിൽ നിന്ന് വലിച്ചിട്ടെന്ന് ആശുപത്രിയിൽ കഴിയുന്ന സദ്ദാം ഖാൻ പറഞ്ഞു. അക്രമികളുടെ സംഘത്തിൽ ഏകദേശം പന്ത്രണ്ടോളം ആളുകൾ ഉണ്ടായിരുന്നതായും സദ്ദാം കൂട്ടിച്ചേർത്തു.
സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതികളിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.