ഇരിട്ടി: റോഡ് പണിയ്ക്കിടെ കൂട്ടുപുഴയില്‍ പുരാതന ഗുഹ കണ്ടെത്തി. കച്ചേരിക്കടവ് പാലത്തിനും കൂട്ടുപുഴ പുതിയ പാലത്തിനും ഇടയിലാണ് ഗുഹ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് ഗുഹ കണ്ടെത്തിയത്. റോഡരികില്‍നിന്ന് ആരംഭിക്കുന്ന ഗുഹാമുഖം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് നീളുന്നുണ്ട്.
ഇ.കെ.കെ. കരാര്‍ കമ്പനി വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാള്‍ക്ക് കയറിപ്പോകാന്‍ കഴിയുന്നത്ര വലിപ്പമുള്ളതാണ് ഗുഹാമുഖം. പോലീസ് പുരാവസ്തുവകുപ്പിനെ വിവരം അറിയിച്ചു. പ്രദേശത്തേക്ക് ആളുകള്‍ കടക്കാതിരിക്കാന്‍ സംരക്ഷണവേലിയും ഇതിനോടകം തീര്‍ത്തിട്ടുണ്ട്. പുരാവസ്തുവകുപ്പിന്റെ പരിശോധന കഴിയുംവരെ ഇവിടങ്ങളിലെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്.