ഷില്ലോംഗ്: ലോകത്തിലെ ഏറ്റവും നീളമുള്ള മണൽക്കല്ല് ഗുഹ മേഘാലയയിൽ കണ്ടെത്തി. 24,583 മീറ്ററാണ് ഗുഹയുടെ നീളം. രണ്ടു വർഷം മുന്പ് ഈ ഗുഹ കണ്ടെത്തിയിരുന്നെങ്കിലും ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഗുഹയുടെ വലിപ്പം അളന്നുതിട്ടപ്പെടുത്താൻ കഴിഞ്ഞത്.
നിലവിൽ ഏറ്റവും നീളമുണ്ടായിരുന്ന മണൽക്കല്ല് ഗുഹ വെനസേലയിലെ കുയേവ ഡെൽ സമാൻ ഗുഹയായിരുന്നു. 18,200 മീറ്ററായിരുന്നു ഈ ഗുഹയുടെ നീളം. എന്നാൽ ഇപ്പോൾ കണ്ടെത്തിയ ഗുഹയ്ക്ക് ഇതിനേക്കാൾ 6000 മീറ്ററിൽ അധികം നീളം കൂടുതലാണ്.
മേഘാലയ അഡ്വൻചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഗുഹയിൽ പരിശോധന നടന്നത്. യുകെ, അയർലൻഡ്, റൊമാനിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, നെതർലൻഡ്സ്, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള പര്യവേക്ഷകർ ഗുഹയിൽ പരിശോധന നടത്തുന്ന സംഘത്തിൽ ഉൾപ്പെടുന്നു.