ന്യൂഡൽഹി: ചൂതാട്ടം നടത്തിയതിന് ഏഴ് സ്ത്രീകളുൾപ്പെടെ 29 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
58.57 ലക്ഷം രൂപയും 10 സെറ്റ് ചീട്ടുകളും പിടിച്ചെടുത്തു. ഡൽഹിയിലെ ക്ലബ് റോഡ് പഞ്ചാബി ബാഗിലെ ഹോട്ടൽ സിറ്റി വെസ്റ്റ് എൻഡിലാണ് ചൂതാട്ടം നടന്നത്.
എല്ലാവർഷവും ദീപാവലിയിൽ ചൂതാട്ടം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ, എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരോടും പൊലീസ് ഉദ്യോഗസ്ഥരോടും ഇത്തരം പ്രവർത്തികൾ കണ്ടെത്താനും ശക്തമായ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്ന് ഡി.സി.പി ഘനശ്യാം ബൻസാൽ പറഞ്ഞു.
പൊലീസിന്റെ ഇൻഫോർമറാണ് ഹോട്ടൽ സിറ്റി വെസ്റ്റ് എൻഡിൽ ചൂതാട്ടം നടക്കുന്നതായി അറിയിച്ചത്. അവിടെ ഇത് സ്ഥിരമാണെന്നും അവർ അറിയിച്ചുവെന്ന് പൊലീസ് ഓഫീസർ പറഞ്ഞു.
ഹോട്ടലിൽ നിരവധി പേർ ചേർന്ന് വലിയ നിലയിൽ ചൂതാട്ടം നടത്തുന്നുണ്ടെന്ന് ഒക്ടോബർ 22 വിവരം ലഭിച്ചിരുന്നു. ഹോട്ടലിന്റെ ഒന്നാം നിലയിലെ ഹാളിലാണ് ചൂതാട്ടം നടന്നത്.
സ്ത്രീകളടക്കമുള്ളവർ വിവധ മേശകൾക്ക് ചുറ്റുമിരുന്ന് കളിക്കുകയായിരുന്നു. പരിശോധനാ സംഘത്തെ കണ്ടതോടെ എല്ലാവരും അവരുടെ ചീട്ടുകൾ ഉപേക്ഷിച്ച് എഴുന്നേറ്റു. എന്നാൽ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തുവെന്ന് ഡി.സി.പി പറഞ്ഞു.
ചൂതാട്ടത്തിന് എത്തുന്നവരിൽ നിന്ന് ഹോട്ടൽ മാനേജർ 2500 രൂപ പ്രവേശനത്തിനും ഭക്ഷണത്തിനുമായി ഈടാക്കാറുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് നടപടികൾ തുടരും.