മലയാളത്തിലെ തുടർച്ചകളുണ്ടായ സിനിമകളിൽ ഏറ്റവും വിജയം നേടിയതാണ് സിബിഐ സിനിമകൾ. സേതുരാമയ്യർ എന്ന സിബിഐ ആയി മമ്മൂട്ടി അഭിനയിച്ച നാലു സിനിമകളും വൻ ഹിറ്റുകളുമായിരുന്നു. ഇപ്പോഴിതാ സിബിഐ സിനിമയെ കുറിച്ച് പുതിയ വാർത്ത. സിബിഐ സിനിമകൾക്ക് അഞ്ചാം ഭാഗം ഒരുങ്ങാൻ സാധ്യതയെന്നതാണ് വാർത്ത. സംവിധായകൻ കെ മധു തന്നെയാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലൂടെ സൂചന നൽകിയത്.
സേതുരാമയ്യർ സിബിഐയുടെ അഞ്ചാം വരവിന് കാത്തിരിക്കൂ എന്നാണ് കെ മധു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വീണ്ടും സേതുരാമയ്യർ സിബിഐയെ വെള്ളിത്തിരയിലെത്തിച്ചേക്കുമെന്നാണ് കെ മധു സൂചിപ്പിക്കുന്നത്. മമ്മൂട്ടിയും ഞാനും എസ്.എൻ സ്വാമിയും കൂടി 1988ൽ ആരംഭിച്ചതാണ് ഈ കൂട്ടായ്മ.
ആത്മാർഥയോടെ ഒരേ മനസോടെ ഞങ്ങൾ പ്രവർത്തിച്ചതു കൊണ്ടാണ്, ഒരു സി ബി ഐ ഡയറി ക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി ബി ഐ, നേരറിയാൻ സിബിഐ എന്നീ നാലു ചിത്രങ്ങൾ ഒരുക്കാൻ സാധിച്ചത്. ഇനി ഒരിക്കൽ കൂടി മമ്മൂട്ടി സേതുരാമയ്യരായി എത്തുന്നത് കാണാൻ ഞങ്ങളുടെ കുട്ടായ്മയെ അംഗീകരിച്ച പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയാം. മലയാള സിനിമയുടെ ചരിത്രമാകാൻ പോകുന്ന സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിയ്ക്കുക.. കെ മധു ഫേസ്ബുക്കിൽ പറയുന്നു.