കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചനക്കാരെ കണ്ടെത്താന്‍ സിബിഐയെ കൊണ്ടുവരാന്‍ ബിജെപി നേതൃത്വത്തിന്റെ ശ്രമം. സംസ്ഥാന സര്‍ക്കാരിനെ അടിക്കാന്‍ കിട്ടുന്ന വടികള്‍ ഫലപ്രദമായി ഉപയോഗിക്കുകയെന്ന തന്ത്രത്തിലൂന്നിയാണ് സിബിഐ അന്വേഷണമെന്ന ആവശ്യത്തിലേക്കു ബിജെപി നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാലോ കോടതി വിധി ഉണ്ടായാലോ മാത്രമാണ് സിബിഐ കേസ് ഏറ്റെടുക്കുന്ന പതിവുള്ളു. ഇതില്‍ ആദ്യത്തെ വഴിയിലൂടെ സിബിഐ കേസ് എത്തില്ല. അതുകൊണ്ട് നടിയുടെ കുടുംബാംഗങ്ങളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് ബിജെപി സംസ്ഥ നേതൃത്വം. നടിയുടെ ബന്ധുക്കളുമായി ഇക്കാര്യം സംസാരിച്ചെങ്കിലും അവര്‍ ഇതുവരെ മനസു തുറന്നിട്ടില്ലെന്നാണ് സൂചന.
അതേസമയം, പ്രശ്‌നത്തില്‍ കൂടുതല്‍ വലിയ രീതിയിലുള്ള പൊല്ലാപ്പുകളിലേക്ക് ഇല്ലെന്ന സൂചനയാണ് നടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്കുന്നത്. സിനിമയില്‍ കൂടുതല്‍ സജീവമാകാനും എത്രയും പെട്ടെന്ന് വിവാഹിതയാകാനുമാണ് നടിയുടെ തീരുമാനം. കന്നഡ സിനിമ നിര്‍മാതാവായ കാമുകനും ഇതേ അഭിപ്രായക്കാരനാണ്. അതേസമയം, കര്‍ണാടകയിലെ ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള കാമുകനെ സ്വാധീനിച്ച് നടിയുടെ മനസു മാറ്റിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞമാസമായിരുന്നു തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടിക്കു നേരെ ആക്രമണമുണ്ടായത്. മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായെങ്കിലും സംഭവത്തിനു പിന്നിലെ സൂത്രധാരന്‍ ഇപ്പോഴും പരിധിക്കു പുറത്താണ്.
കേസന്വേഷിക്കുന്ന സ്‌പെഷ്യല്‍ ടീമിന് പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ സിബിഐ അന്വേഷണത്തിലേക്ക് പിന്നീട് കാര്യങ്ങള്‍ എത്തിക്കുമെന്ന നിഗമനത്തിലാണ് ബിജെപിയുടെ നീക്കങ്ങള്‍. സാധാരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്ന കേസുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാനാണ് സിബിഐ ശ്രമിക്കുകയെങ്കിലും നടിയുടെ കേസില്‍ എന്തായാലും ആ പതിവുണ്ടാകാന്‍ സാധ്യതയില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി ബിജെപി നേതൃത്വം തന്നെ ഉറപ്പിക്കുമെന്നാണ് അറിയുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ ആക്രമണങ്ങളില്‍ വേട്ടക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. ഇത് ഗൂഡാലോചനക്കാരെ സംരക്ഷിക്കാനായതിനാല്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് അവരുടെ നിലപാട്. കോണ്‍ഗ്രസും സിബിഐ അന്വേഷണം വേണമെന്ന ആവശ്യക്കാരാണ്.