കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെട്ട സംഭവങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെയും ഇതേത്തുടര്‍ന്ന് ചില ഇരകള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലുള്ള അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. അഭിഭാഷകരായ എ. ജന്നത്ത്, അമൃത പ്രേംജിത് എന്നിവരാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാമേഖലയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ഇത്തരം കേസുകള്‍ക്കായി പ്രത്യേക കോടതി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. അഞ്ചു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
ഇരകളുടെ സ്വകാര്യതയാണു സംരക്ഷിക്കപ്പെടേണ്ടത്. എന്നാല്‍, ഇതിന്റെ പേരില്‍ സ്വാധീനശക്തികളായ പ്രതികളുടെ സ്വകാര്യതകൂടി സംരക്ഷിക്കാനാണു റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിക്കാത്തത്. ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഇതിലൂടെ പ്രതികളെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം മതിയായതല്ല. കേരള പോലീസ്തന്നെ കേസില്‍ അന്വേഷണം നടത്തുന്നത് പ്രതികള്‍ രക്ഷപ്പെടാനിടയാക്കും.
അതിനാല്‍, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍തന്നെ അന്വേഷണം നടത്തണമെന്നാണു ഹര്‍ജിയിലെ ആവശ്യം.