ചാലക്കുടി: കലാഭവൻ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ എറണാകുളം യൂണിറ്റിലെ ഡിവൈഎസ്പി ജോർജ് ജെയിംസിനാണ് അന്വേഷണച്ചുമതല. സിബിഐ സർക്കിൾ ഇൻസ്പെക്ടർ ഡി.വിനോദ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ചാലക്കുടി സിഐ ഓഫീസിലെത്തി കേസ് രേഖകൾ ഏറ്റുവാങ്ങി.ഏഴു വോളിയങ്ങളിലായി 2229 പേജുള്ള ഫയലാണ് പോലീസ് കൈമാറിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും ചോദ്യം ചെയ്യലിന്റെയും ഇൻക്വസ്റ്റിന്റെയും രേഖകളുടെ സിഡികളും കൈമാറി.
സിബിഐ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് മണിയുടെ ഭാര്യ നിമ്മിയും സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണനും ഹൈക്കോടതിയിൽ നൽകിയ ഹർജിയെതുടർന്ന് കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെ തുടർന്ന് സിബിഐ എറണാകുളം യൂണിറ്റ് സിബിഐ ആസ്ഥാനത്തേക്കു വിവരം അറിയിക്കുകയും അവിടെനിന്നും അന്വേഷണം ഏറ്റെടുക്കാനുള്ള ഉത്തരവ് ലഭിക്കുകയുമായിരുന്നു. തുടർന്നാണ് രേഖകൾ ഏറ്റുവാങ്ങിയത്. 2016 മാർച്ച് ആറിനാണ് കലാഭവൻ മണിയെ ഒഴിവുകാല വസതിയായ വീടിനു സമീപത്തെ പാഡിയിൽ അവശനിലയിൽ കണ്ടത്. പിന്നീട് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചു.