ബുദ്ധിരാക്ഷസനായ കുറ്റാന്വേഷകന് സേതുരാമയ്യരെ കാണാന്‍ സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ കാണേണ്ടതില്ല. ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക് കേട്ടാല്‍ മതി. ഏതാനും നിമിഷങ്ങള്‍ നീളുന്ന ഒരു സംഗീതശകലത്തിലൂടെ ഒരു കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ മുഴുവന്‍ ശ്രോതാക്കളുടെ മനസിലെത്തും.
സിബിഐയുടെ തീം മ്യൂസിക് ചിട്ടപ്പെടുത്തിയപ്പോള്‍ സിനിമയ്ക്കപ്പുറത്തേക്ക് അത് വളരുമെന്നോ, ഇത്ര കാലം ജീവിക്കുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. പാട്ടില്ലാത്ത സിനിമയായതുകൊണ്ട് സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താന്പോന്ന ഒരു തന്ത്രം അതില്‍ ഉള്‍പ്പെടുത്തണം എന്നേ ആലോചിച്ചിരുന്നുള്ളൂ- ശ്യാം ഒരഭിമുഖത്തിൽ പറഞ്ഞു.
ഉറക്കത്തില്‍പോലും മലയാളി തിരിച്ചറിയുന്ന സംഗീതശകലമായി അത് മാറി എന്നത് ചരിത്രനിയോഗം. റീ റിക്കാര്‍ഡിംഗിനായി പടം കണ്ടപ്പോള്‍ ആദ്യം ശ്യാമിന്റെ മനസില്‍ തങ്ങിയത് സേതുരാമയ്യരുടെ വേറിട്ട വ്യക്തിത്വമാണ്. സാധാരണ സിഐഡി സിനിമകളിലെപ്പോലെ ആക്ഷന്‍ ഹീറോ അല്ല അയാൾ.
ബുദ്ധി ഉപയോഗിച്ചാണ് കളി. കേസിന്റെ നൂലാമാലകള്‍ തലച്ചോറുകൊണ്ട് ഇഴകീറി പരിശോധിക്കുമ്പോള്‍ സ്വാഭാവികമായും മനസ് ഏകാഗ്രമാകും.ആ ഏകാഗ്രത സംഗീതത്തിലൂടെ എങ്ങനെ പ്രേക്ഷകനെ അനുഭവിപ്പിക്കാനാകുമെന്നു ചിന്തിച്ചപ്പോഴാണ് അറിയാതെതന്നെ എന്റെ മനസ് ഈ ഈണം മൂളിയത്.
തലച്ചോറിന്റെ സംഗീതം. അതായിരുന്നു ആശയം. കുറച്ചുനേരം ഒരേ താളത്തില്‍ മുന്നേറിയ ശേഷം പൊടുന്നനെ അത് വിജയതാളത്തിലേക്കു മാറുന്നു. വിക്ടറി നോട്ട് എന്നാണ് പറയേണ്ടത്. സേതുരാമയ്യരെ അവതരിപ്പിക്കുമ്പോള്‍ ഈ വിക്ടറി നോട്ട് അത്യാവശ്യമാണെന്ന് തോന്നി.
പരാജയമെന്തെന്നറിയാത്ത കുറ്റാന്വേഷകനല്ലേ? അങ്ങനെ ആ തീം സോംഗ് പിറന്നു. സി ബി ഐ സിനിമകളുടെ പില്ക്കാല പതിപ്പുകളിലും ചില്ലറ ഭേദഗതികളോടെ ഈ ഈണം കേട്ടു. ഈ ഈണം കവര്‍ വേര്‍ഷനുകളുടെയും റീമിക്സുകളുടെയും രൂപത്തില്‍ ഇന്നും നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. -പിജി