ഹൈദരാബാദ് വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല;നടി ലീന മരിയ പോളിനായി ലുക്ക്ഔട്ട് നോട്ടീസ്;നടി ഒളിവില്‍…

നടി ലീന മരിയ പോളിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് സിബിഐയുടെ നടപടി . ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതും പ്രതിപട്ടികയിലുണ്ട്.

സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ, കേസില്‍ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികള്‍ തട്ടിപ്പിന്ശ്രമിക്കുകയായിരുന്നു. സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന സമീപിച്ച് സാംബശിവയില്‍ നിന്ന് കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.

സംഭവത്തില്‍ ഹൈദരാബാദ് സ്വദേശി മണിവര്‍ണന്‍ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ്, അര്‍ച്ചിത് എന്നിവരെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലീന മരിയ പോളിന്റെ പങ്ക് പുറത്തുവന്നത്. ലീനയും അര്‍ച്ചിതും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് മറ്റു പ്രതികള്‍ സിബിഐക്ക് മൊഴി നല്‍കിയത്. ഇതുസംബന്ധിച്ച് മൊബൈല്‍ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ സിബിഐക്ക് ലഭിച്ചു.

സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ സ്പൂഫ് ചെയ്തത് അര്‍ച്ചിതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലെയും ബ്യൂട്ടി പാര്‍ലറിലും വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടന്നപ്പോള്‍ കൊച്ചിയിലുണ്ടായിരുന്ന ലീന അറസ്റ്റ് ഭയന്ന് ഇപ്പോള്‍ ഒളിവിലാണെന്ന് സിബിഐ പറയുന്നത്.

ലീനയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും വീടുകളിലും നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ല . ഇതേത്തുടര്‍ന്നാണ് ലീനയ്ക്കെതിരെ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സമാനമായ പണം തട്ടിപ്പ് കേസുകളില്‍ മുന്‍പ് മുംബൈയില്‍ വെച്ച് ലീനയും ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖരനും അറസ്റ്റിലായിട്ടുണ്ട്.

Related posts

Leave a Comment