പ്രഖ്യാപനം വന്നപ്പോൾ മുതൽ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് സിബിഐയുടെ അഞ്ചാം ഭാഗം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോൾ സിബിഐ സീരിസ് ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്ത പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.
നേരത്തെ പുറത്തിറങ്ങിയ നാല് ഭാഗങ്ങളിലും മമ്മൂട്ടിക്കൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ രസിപ്പിച്ച ജഗതി ശ്രീകുമാർ അഞ്ചാം ഭാഗത്തിലും അഭിനയിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ എല്ലാവരും വിഷമിച്ചിരുന്നതും അഞ്ചാം തവണ കേസ് അന്വേഷിക്കാൻ സേതുരാമയ്യർ എത്തുമ്പോൾ ഒപ്പം വലംകൈയായി ജഗതി ശ്രീകുമാറിന്റെ വിക്രം എന്ന കഥാപാത്രം ഉണ്ടാകില്ലല്ലോ എന്നതാണ്.
സിബിഐ ഡയറി കുറിപ്പ് മുതലുള്ള എല്ലാ ഭാഗങ്ങളിലും മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാർ അഭിനയിച്ചിരുന്നു. വിക്രം എന്ന സിബിഐ ഉദ്യോഗസ്ഥനായിരുന്നു ചിത്രത്തിൽ ജഗതിയുടെ കഥാപാത്രം.
മുകേഷാണ് മറ്റൊരു പ്രധാന കഥാപാത്രമായി നേരത്തെ പുറത്തിറങ്ങിയ നാല് സീരിസിലും ഉണ്ടായിരുന്നത്. ചാക്കോ എന്ന പോലീസ് ഉദ്യോഗസ്ഥാനായിട്ടാണ് മുകേഷ് അഭിനയിച്ചിരുന്നത്.
2012ൽ സംഭവിച്ച വാഹനാപകടത്തിൽ ജഗതിക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടർന്നു മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് വർഷങ്ങളായി സിനിമയിൽ നിന്നു വിട്ട് നിൽക്കുകയാണ്
ജഗതി ശ്രീകുമാറിന്റെ ആരോഗ്യ സ്ഥിതികൾ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാകും അദ്ദേഹത്തെ രംഗങ്ങൾ ചിത്രീകരിക്കുക. മമ്മൂട്ടി അടക്കമുള്ള സിനിമയിലെ മറ്റ് അണിയറപ്രവർത്തകരുടേയും ആഗ്രഹപ്രകാരമാണ് ജഗതി ശ്രീകുമാർ സിബിഐ 5ൽ ഭാഗമാകുന്നത്.
സിബിഐ 5 പുതിയ ചിത്രത്തിൽ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്.
ഇത് അംഗീകരിച്ച സംവിധായകൻ കെ. മധുവും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയും സിബിഐയുടെ ചില രംഗങ്ങൾ ജഗതിയുടെ വീട്ടിൽ തന്നെ ചിത്രീകരിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.
–പിജി