ന്യൂഡൽഹി: സിബിഐ ദൈവമല്ല, എല്ലാ കേസുകളും സിബിഐക്കു വിടേണ്ടതുമില്ല- ജസ്റ്റീസ് എൻ.വി. രമണ, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെയാണു സുപ്രധാന നിരീക്ഷണം.
സംസ്ഥാന പോലീസ് അന്വേഷിച്ച ഒരു കേസിന്റെ ചുമതല സിബിഐക്കു കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണു സുപ്രീംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ബെഞ്ച് റദ്ദാക്കുകയും ചെയ്തു.
സിബിഐ ദൈവമല്ല. അവർക്ക് എല്ലാം അറിയണമെന്നില്ല. എല്ലാ കേസുകളും അവർക്കു പരിഹരിക്കാനും കഴിയില്ല- ഹൈക്കോടതിയുടെ ഉത്തരവിനോടു വിയോജിച്ചുകൊണ്ടു ജസ്റ്റീസ് രമണ നിരീക്ഷിച്ചു.
ഒരാളെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണമാണു ഹൈക്കോടതി സിബിഐയെ ഏൽപിച്ചത്. 2017-ലാണു കേസ് പൽവൽ പോലീസിൽനിന്നു സിബിഐക്കു കൈമാറിയത്. കാണാതായ ആളുടെ സഹോദരന്റെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഇതിനെതിരേ സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സിബിഐയുടെ ആൾബലം കുറവാണെന്നും കേസിന്റെ അന്വേഷണം പോലീസിനു തന്നെ നടത്താവുന്നതേയുള്ളൂവെന്നും ഏജൻസി കോടതിയെ അറിയിച്ചു. സിബിഐയുടെ ഈ വാദം അംഗീകരിച്ചായിരുന്നു സുപ്രീം കോടതി ബെഞ്ചിന്റെ നിരീക്ഷണം.
എല്ലാ കേസുകളുടെയും അന്വേഷണം സിബിഐക്കു വിട്ടാൻ ആകെ പ്രശ്മാകുമെന്നു പറഞ്ഞ സുപ്രീംകോടതി, കേസ് അന്വേഷണം അവസാനിപ്പിച്ച ഹരിയാന പോലീസ് നടപടിക്കെതിരേ അപ്പീൽ നൽകാൻ കാണാതായ ആളുടെ സഹോദരനോടു നിർദേശിക്കുകയും ചെയ്തു.