തളിപ്പറമ്പ്: മുംബൈ പോലീസും സിബിഐ ഉദ്യോഗസ്ഥരുമാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിൾ റോഡ് ശ്രീശൈലത്തിലെ എസ്.ഗണേഷ് കുമാറിന്റെ (64) പരാതിയിലാണ് അജ്ഞാത സംഘത്തിന്റെ പേരിൽ കേസെടുത്തത്.
ഇന്ത്യൻ സെക്യൂരിറ്റി ആക്ട് പ്രകാരം അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് സംഘം ഭീഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു. ഗണേഷ് കുമാർ മൊറാഴയിലെ വൈദേഹം ആയുർവേദ റിസോർട്ടിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഫ്സി എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ഭീഷണിപ്പെടുത്തി ട്രാൻസ്ഫർ ചെയ്യിച്ചതായാണ് പരാതി.
ഗണേഷ് കുമാറിന്റെ സിം കാർഡ് എടുത്തയാൾ രാഷ്ട്രസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ ദുരുപയോഗം ചെയ്തതിന്റെ അന്വേഷണത്തിലാണെന്നും കേസിൽ ഒന്നാം പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം ട്രാൻസ്ഫർ ചെയ്തു വാങ്ങിയതെന്നാണ് ഗണേഷ് കുമാർ പരാതിയിൽ പറയുന്നത്.