സ്വന്തം ലേഖകന്‍
കോഴിക്കോട്:സത്യം മൂടി വച്ചാലും വളച്ചൊടിച്ചാലും ഒരു നാള് അത് പുറത്തുവരും…. അതെ ആ സത്യത്തിലേക്കുള്ള യാത്ര നാളെ ആരം ഭിക്കുകയാണ്…
മമ്മൂട്ടി സേതുരാമയ്യരായി എത്തുന്ന സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം സിബിഐ 5 – ദ ബ്രെയിന്‍ ഞായറാഴ്ച തിയറ്ററില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം.
മലയാളികളുടെ മനസിനെ പ്രവചനാതീതമായ കുറ്റാന്വേഷണ വഴികളിലൂടെ നാളെ രാവിലെ എട്ടു മുതല്‍ കൈ പിടിച്ച് നടത്താന്‍ കെ. മധുവും മമ്മൂട്ടിയും എസ്.എന്‍. സ്വാമിയും ഒരുക്കിയ സിനിമ പ്രതീക്ഷകള്‍ കടത്തി വെട്ടുമോ എന്നാണ് അറിയേണ്ടത്.
ലഭിക്കുന്ന സൂചനകള്‍ വച്ചാണെങ്കില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തായിരിക്കും ചിത്രം.തിയറ്ററുകളില്‍ ഫാന്‍സ് ഷോകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. രാവിലെ എട്ടു മുതല്‍ ഷോ ആരംഭിക്കും.
സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത പ്രമോഷനും ചര്‍ച്ചകളുമാണ് ഈ സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ബാസ്കറ്റ് കില്ലിംഗാണ് ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു. അതേസമയം, വളരെ രഹസ്യമാക്കി ഷൂട്ട് ചെയ്ത ക്ലൈമാക്സും സസ്പെന്‍സ് രംഗങ്ങളും തിയറ്ററുകളില്‍ കാണികളെ കോരിത്തരിപ്പിക്കുമെന്ന് ഉറപ്പാണ്.
പിടികൊടുക്കാത്ത അന്വേഷണ വഴികളും ട്വിസ്റ്റുകളും ടെക്നിക്കല്‍ ക്വാളിറ്റിയോടു കൂടി സിബിഐ 5 – ല്‍ എത്തും. ശാസ്ത്രീയമായ കുറ്റാന്വേഷണരീതിയും സേതുരാമയ്യര്‍ക്ക് മാത്രം സാധ്യമാകുന്ന ബുദ്ധികൊണ്ടുള്ള കളിയും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന് ഉറപ്പാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്.
മമ്മൂട്ടിക്കൊപ്പം രഞ്ജി പണിക്കര്‍, ജഗതി ശ്രീകുമാര്‍, സായ്കുമാര്, മുകേഷ്, അനൂപ് മേനോന്, ദിലീഷ് പോത്തന് എന്നിവര്‍ വേഷമിടുന്ന ചിത്രത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.