തൃശൂർ: സങ്കടകരമായ കാഴ്ചകളിലൂടെയാണ് പ്രദീപിന്റെ അറയ്ക്കൽ വീട് കടന്നു പോയത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് ഓക്സിജൻ മെഷിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിപ്പോന്നിരുന്ന അച്ഛനെ മകന്റെ വേർപാട് ബന്ധുക്കൾ അറിയിച്ചിരുന്നു.
പ്രദീപിന്റെ മൃതദേഹം പുത്തൂർ സ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോഴാണ് പ്രദീപ് ഇനി തിരിച്ചുവരില്ലെന്ന ഞെട്ടിക്കുന്ന വാർത്ത അറിയിച്ചത്.
അതിനുമുന്പുതന്നെ, വീട്ടിൽ പതിവില്ലാതെ ആൾത്തിരക്കും, മന്ത്രിമാരും മറ്റു വന്നുപോകുന്നതും കണ്ട് ആ അച്ഛന് വിവരം തിരക്കിയിരുന്നുവെങ്കിലും ആരും ഒന്നും പറയാൻ ധൈര്യപ്പെട്ടില്ല.
രോഗിയായിരുന്ന അഛന്റെ അവസ്ഥയോർത്ത് എല്ലാവരും സങ്കടം ഉള്ളിൽ ഒതുക്കുകയായിരുന്നു. ഒന്നുറക്കെ നിലവിളിക്കാൻപോലും ആവാത്ത സ്ഥിതിയിലായിരുന്നു അമ്മ കുമാരി.
മകന്റെ ചേതനയറ്റ ശരീരം ആ വീട്ടിൽ എത്തുന്നതിന്റെ ഏതാനും നിമിഷം മുന്പ് വീട്ടിലെ മുതിർന്ന ബന്ധുക്കൾ പ്രദീപിന്റെ മരണവാർത്ത അച്ഛനോടു പറഞ്ഞു.
അതുവരെ സങ്കടം ഉള്ളിലൊതുക്കിനിന്ന അമ്മ അച്ഛൻ രാധാകൃഷ്ണന്റെ കട്ടിലിനരികിൽ ഇരുന്ന് ഉറക്കെ കരഞ്ഞു. ഒന്ന് ആശ്വസിപ്പിക്കാൻപോലും ആകാതെ ബന്ധുക്കളും വിതുന്പി.
അണയാത്ത ദീപമായ് അച്ഛൻ
അനിൽ തോമസ്
പൊന്നൂക്കര (തൃശൂർ): അച്ഛന്റെ കൈപിടിച്ചു പിറന്നാൾ കേക്ക് മുറിച്ച് ദിവസങ്ങൾക്കകം കുഞ്ഞുകൈകൾകൊണ്ട് ഏഴുവയസുകാരൻ ദക്ഷൻ ദേവ് അച്ഛന്റെ ചിതയ്ക്കു തീകൊളുത്തുന്പോൾ അമ്മ ശ്രീലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
കണ്ടുനിന്നവരുടെയും ഹൃദയം വിതുന്പുന്ന കാഴ്ചയായി അത്. കൊച്ചുകുട്ടിയായതിനാൽ പ്രദീപിന്റെ അനുജൻ പ്രസാദ് അവന്റെ കൈചേർത്തുപിടിച്ചാണ് ചിതയിൽ അഗ്നി പകർന്നത്.
പോലീസിന്റെയും സൈന്യത്തിന്റെയും ഗാർഡ് ഓഫ് ഓണറിനു ശേഷമായിരുന്നു മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകൾ. കുളിച്ചു ശുദ്ധിവരുത്തി ഒറ്റമുണ്ടുടുത്തു ദക്ഷൻ ദേവും ഇളയച്ഛന്റെ കൈപിടിച്ചുനിന്നു.
കൈകൂപ്പി പ്രാർഥിച്ച് മൃതദേഹത്തിൽ തൊട്ടുവന്ദിച്ചശേഷം ഇരുവരും മുട്ടുകുത്തി നമസ്കരിച്ചു. തുടർന്നു മൃതദേഹത്തെ ഒരുവട്ടം വലയംവച്ചു ചടങ്ങുകൾ ആരംഭിച്ചു.
പരികർമി പകർന്നുനൽകിയ തീ ദക്ഷൻ ദേവാണ് ആദ്യം ചിതയിലേക്കു പകർന്നത്. പിന്നാലെ പ്രസാദും.
പ്രദീപിന്റെ പൊന്നൂക്കരയിലെ കുടുംബവീടിനു പിൻവശത്തെ തൊടിയിലായിരുന്നു ചിത ഒരുക്കിയിരുന്നത്.
ആദ്യം സംസ്ഥാന സർക്കാരിന്റെ ആദരസൂചകമായി പോലീസിന്റെ ഗാർഡ് ഓഫ് ഓണർ. പിന്നീട് കോയന്പത്തൂരിൽനിന്നു മൃതദേഹത്തെ അനുഗമിച്ചെത്തിയ സുളൂർ എയർഫോഴ്സ് ബേസ്മെന്റിലെ സെറിമണൽ പ്രോട്ടോകോൾ ടീം അംഗങ്ങൾ ആകാശത്തേക്കു മൂന്നുറൗണ്ട് വെടി ഉതിർത്ത് സഹപ്രവർത്തകന് ഒൗദ്യോഗിക ബഹുമതി നല്കി യാത്രാമൊഴി ചൊല്ലി.
രണ്ടാഴ്ച മുൻപായിരുന്നു ദക്ഷൻ ദേവിന്റെ പിറന്നാൾ. അച്ഛന്റെ ചികിത്സയ്ക്കായി നാട്ടിൽ വന്ന പ്രദീപ് വീട്ടിൽ മകന്റെ പിറന്നാളും ആഘോഷിച്ചശേഷമാണു കുടുംബസമേതം കോയന്പത്തൂരിലേക്കു മടങ്ങിയത്. ജോലിയിൽ പ്രവേശിച്ച് നാലാംനാളായിരുന്നു അപകടം.