മറവൻതുരുത്ത്: ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥയുടെ ആരോഗ്യനിലയിൽ പുരോഗതി.
മറവൻതുരുത്ത് തുരുത്തുമ്മ പത്തുപറയിൽ പുരുഷോത്തമന്റെ ഭാര്യ ശശികല (54)യാണ് കുടുംബ കലഹത്തെ തുടർന്ന് ഭർത്താവിന്റെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന ശശികല അപകടനില തരണം ചെയ്തു.
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചശേഷം പുരുഷോത്തമൻ ജീവനൊടുക്കിയിരുന്നു.
ഭാര്യയിൽ സംശയമാരോപിച്ചു പുരുഷോത്തമൻ കലഹിക്കുന്നതു പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നോടെയായിരുന്നു സംഭവം. ഈ സമയം ഇവരുടെ രണ്ടു മക്കളും വീട്ടിലില്ലായിരുന്നു.
ബഹളം കേട്ട് പന്തികേടു തോന്നിയ സമീപവാസികൾ മകനെ വിളിച്ചു വരുത്തിയ ശേഷം നോക്കിയപ്പോഴാണ് മുറിവേറ്റു കിടക്കുന്ന മാതാവിനേയും തൂങ്ങി മരിച്ച നിലയിൽ പിതാവിനേയും കണ്ടത്.
തലയോലപ്പറന്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.