ന്യൂഡൽഹി: സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. 10, 11, 12 ക്ലാസുകളിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിലാകും അന്തിമ സ്കോർ നിർണയിക്കുക എന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലമാണ് അന്തിമ സ്കോറിനു പരിഗണിക്കുക. 10 ാം ക്ലാസിലെ പ്രകടനത്തിന് 30 ശതമാനം വെയ്റ്റേജ് ആണ് നൽകുക. അഞ്ച് പ്രധാന വിഷയങ്ങളിൽ വിദ്യാർഥി കൂടുതൽ മികവ് കാണിച്ച മൂന്നു വിഷയങ്ങളുടെ മാർക്കിന്റെ ശരാശരി കണക്കാക്കിയാണ് വെയ്റ്റേജ് നിശ്ചയിക്കുന്നത്.
11 ാം ക്ലാസിലെ പ്രകടനത്തിനും 30 ശതമാനം വെയ്റ്റേജാണ് നൽകുന്നത്. യൂണിറ്റ് പരീക്ഷകൾ, ടേം എക്സാമുകൾ, വാർഷിക പരീക്ഷ, സ്കൂളുകൾ സ്വന്തം നിലയ്ക്കു നടത്തിയ പരീക്ഷകൾ എന്നിവയുടെ എല്ലാം അടിസ്ഥാനത്തിലാകും 11 ാം ക്ലാസിൽ വെയ്റ്റേജ് നിർണയിക്കുക.
12 ക്ലാസിലെ പ്രകടനമികവിന് 40 ശതമാനം വെയ്റ്റേജ് നൽകും. 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. പരീക്ഷ നടത്താൻ കഴിയാത്ത സ്കൂളുകൾക്ക് 28 ാം തീയതി വരെ സമയമുണ്ട്. ഈ സമയത്തിനുള്ളിൽ പ്രീ ബോർഡ് പരീക്ഷ നടത്തി സിബിഎസ്ഇ പോർട്ടലിൽ നൽകിയാൽ മതിയാകും.