ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടു തവണ നടത്തുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. 2026 ജൂണ്‍ മുതൽ പുതിയ രീതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്എസ്ഇ) ആണ് ഇക്കാര്യം ശിപാർശ ചെയ്തത്.
നിലവിൽ 12-ാം ക്ലാസിലെ വിദ്യാർഥികൾക്ക് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ബോർഡ് പരീക്ഷ നടത്തുന്നത്. മേയ് മാസത്തിലെ ഫലപ്രഖ്യാപനത്തിനുശേഷം ജൂലൈയിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയിലൂടെ ഏതെങ്കിലും ഒരു വിഷയത്തിൽ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷയെഴുതി നില മെച്ചപ്പെടുത്താൻ സാധിക്കും.
എന്നാൽ എൻസിഎഫ്എസ്ഇ നിർദേശിച്ച പുതിയ രീതിയനുസരിച്ച് ജൂണ്‍ മാസത്തിൽ നടക്കുന്ന രണ്ടാമത്തെ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലോ അല്ലെങ്കിൽ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന വിഷയങ്ങളിലോ പരീക്ഷയെഴുതാൻ സാധിക്കും. രണ്ടു പരീക്ഷകളിൽ ഏറ്റവും മികച്ച സ്കോർ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ രൂപം ഇതുവരെ തയാറാക്കിയിട്ടില്ല.
അതേസമയം, പരീക്ഷ രണ്ടു തവണകളായി നടത്തുന്നതിൽ സിബിഎസ്ഇക്ക് വിവിധ കടന്പകൾ കടക്കേണ്ടതുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ പട്ടിക തയാറാക്കൽ, പരീക്ഷാകേന്ദ്രങ്ങൾ വിജ്ഞാപനം ചെയ്യൽ, പ്രാക്ടിക്കൽ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ, മൂല്യനിർണയം, ഫലപ്രഖ്യാപനം തുടങ്ങി നിരവധി കാര്യങ്ങൾ രണ്ടുതവണ ചെയ്യേണ്ടതുണ്ട്.