ന്യൂഡൽഹി: പേരുവിവര പട്ടികയിൽ ക്രമക്കേടുകൾ കണ്ടെത്തുകയും അക്കാഡമിക്-അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്ത ഡൽഹിയിലെയും അഞ്ചു സംസ്ഥാനങ്ങളിലെയും 29 സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു.
സ്കൂളുകളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനകൾക്കുശേഷമാണ് നോട്ടീസ് നൽകിയത്. ഡിസംബർ 18ന് ഡൽഹിയിലും 19ന് ബംഗളൂരു (കർണാടക), പട്ന (ബിഹാർ), ബിലാസ്പുർ (ഛത്തീസ്ഗഡ്), വാരണാസി (ഉത്തർപ്രദേശ്), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവിടങ്ങളിലുമാണു പരിശോധന നടന്നത്. രാജ്യത്തെ പ്രമുഖ വിദ്യാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സിബിഎസ്ഇയുടെ അഫിലിയേഷൻ നിയമാവലിയുടെ ലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി സിബിഎസ്ഇ പ്രസ്താവനയിൽ പറഞ്ഞു. മുപ്പതു ദിവസത്തിനകം മറുപടി നൽകണമെന്ന നിർദേശത്തോടെയാണു നോട്ടീസ് നൽകിയിരിക്കുന്നത്.