പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി നേടുന്ന വിജയങ്ങള്‍ക്ക് ഇരട്ടി മൂല്യമുണ്ട്. എല്ലുനുറുങ്ങുന്ന വേദന സമ്മനാച്ചുകൊണ്ടിരിക്കുന്ന കാന്‍സറിനെ പുഞ്ചിരികൊണ്ട് തോല്‍പ്പിച്ച് വിജയം കൊയ്തെടുത്ത റാഞ്ചി സ്വദേശി തുഷാറാണ് ഇപ്പോള്‍ വിജയത്തിന്റെ ആ അതിമധുരം നുണഞ്ഞുകൊണ്ടിരിക്കുന്നത്. സിബിഎസ്സി ഹയര്‍സെക്കന്ററി പരീക്ഷയില്‍ 95 ശതമാനം മാര്‍ക്ക് നേടിയാണ് തുഷാര്‍ യഥാര്‍ത്ഥ വിജയിയായിരിക്കുന്നത്. തുഷാര്‍ 2014 മുതല്‍ എല്ലിലെ കാന്‍സറിനോട് പട പൊരുതുകയാണ്. മൂന്നോ നാലോ മാസം കൂടുമ്പോള്‍ എയിംസില്‍ ചികിത്സയ്ക്കായി പോകും. കുറച്ചു ദിവസം അവിടുത്തെ ആശുപത്രി വാസം. അപ്പോഴും ചെറിയ ഇടവേളകളില്‍ വായിക്കാന്‍ പാഠപുസ്തകങ്ങള്‍ കയ്യില്‍ കരുതാറുണ്ട് തുഷാര്‍. വേദനകളെ തോല്‍പ്പിച്ച് ഉന്നത വിജയം നേടുമ്പോള്‍ തുഷാര്‍ പറയുന്നു ‘കുത്തിയിരുന്നു പഠിക്കുന്നതിലല്ല പലതുള്ളി പെരുവെള്ളം പോലെയാണ് വിജയ’മെന്ന്. അന്നന്നുള്ളത് പഠിക്കുകയും ചെറിയ ചെറിയ സമയങ്ങളില്‍ മനസ്സിരുത്തി പഠിക്കുകയും ചെയ്യുന്നത് പഠനത്തെ ഏറെ സഹായിക്കുമെന്നാണ് തുഷാര്‍ പറയുന്നത്.
ഫൈന്‍ ആര്‍ട്സില്‍ നൂറില്‍ നൂറും ഇംഗ്ലീഷിനും ഫിസിക്സിനും 95 വീതവും കണക്കിന് 93ഉം കംപ്യൂട്ടര്‍ സയന്‍സിന് 89 മാര്‍ക്കുമാണ് തുഷാര്‍ നേടിയത്. അതും ട്യൂഷനോ മറ്റ് കോച്ചിങ്ങോ ഒന്നുമില്ലാതെ. 2014 ല്‍ മുട്ടിന് കാന്‍സര്‍ കണ്ടെത്തുമ്പോള്‍ പത്താംക്ലാസിലായിരുന്ന തുഷാര്‍ പിന്നീട് ചികിത്സയിലായിരുന്നു. അത് മാസങ്ങളോളം നീണ്ടു. പക്ഷെ 2015 ല്‍ ഉന്നതവിജയം നേടി തുഷാര്‍ ജയിച്ചു. ഇപ്പോഴിതാ തന്റെ ഹയര്‍ സെക്കന്ററി വിജയവും ഇരട്ടിമധുരമായി. കാന്‍സറിനോട് പൊരുതി ജയിച്ച് പഠിച്ച് വലിയ മാര്‍ക്ക് വാങ്ങുന്നതിനിടയില്‍ വേദനകളെല്ലാം തുഷാര്‍ മറക്കുന്നത് എഴുത്തിലൂടെയാണ്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് റാഞ്ചി സ്വദേശിയായ തുഷാര്‍ എഴുതിയ ദി പേഷ്യന്റ് പേഷ്യന്റ് എന്ന പുസ്തകം ആമസോണിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലേക്ക് വരുകയാണ്. അസുഖങ്ങള്‍ ശല്യപ്പെടുത്താതെ ഇരുന്നാല്‍ ഇംഗ്ലീഷിലോ ഇക്കണോമിക്സിലോ ബിരുദം കരസ്ഥമാക്കുക എന്നതാണ് തുഷാറിന്റെ അടുത്ത ലക്ഷ്യം. കാന്‍സര്‍ സെല്ലുകളെ തുരത്തുന്നതിനായി ഇനിയും കിഷോറിന് പൊരുതേണ്ടതുണ്ട്. ചെറിയ ചെറിയ ഒഴിവുകഴിവുകള്‍ പറഞ്ഞ് പഠനത്തിന് അവധി നല്കുന്ന കുട്ടികള്‍ക്കും ജീവിതത്തില്‍ നിരാശരായി കഴിയുന്ന ഏവര്‍ക്കും മാതൃകയാവുകയാണ് കിഷോര്‍ തന്റെ ജീവിതത്തിലൂടെ.