ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
വിദ്യാർഥികളെ കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ ഏഴ് മന്ത്രിമാരും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായത്. പരീക്ഷ റദ്ദാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പരീക്ഷ നടത്തണമെന്നായിരുന്നു അഭിപ്രായം അറിയിച്ചത്.
വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും പ്രാധാന്യമർഹിക്കുന്നതാണ്. ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ ഉത്കണ്ഠയുണ്ട്. ഇത്തരം സമ്മർദ്ദ സാഹചര്യത്തിൽ പരീക്ഷയ്ക്ക് ഹാജരാകാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്താകെ സ്ഫോടനാത്മകമായ കോവിഡ് സാഹചര്യം നിലനിൽക്കുകയാണ്. ചില സംസ്ഥാനങ്ങൾ ഫലപ്രദമായ രീതിയിൽ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും, ചില സംസ്ഥാനങ്ങൾ ഇപ്പോഴും ലോക്ക്ഡൗണിലാണ്.
അത്തരമൊരു സാഹചര്യത്തിൽ വിദ്യാർഥികളുടെ ആരോഗ്യത്തെക്കുറിച്ച് രക്ഷിതാക്കളും അധ്യാപകരും സ്വാഭാവികമായും ആശങ്കാകുലരാണ്.
വിദ്യാർഥി സൗഹാർദപരമായ തീരുമാനത്തിലെത്താനായതിൽ അഭിനന്ദനം അറിയിക്കുന്നതായും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ അഭിപ്രായം അറിയിച്ച സംസ്ഥാനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
വിദ്യാർഥിക്ക് ആവശ്യമെങ്കിൽ പരീക്ഷ എഴുതാൻ അവസരം
ന്യൂഡൽഹി: ബോർഡ് പരീക്ഷ നടത്തുന്നത് റദ്ദാക്കിയെങ്കിലും വിദ്യാർഥിക്ക് ആവശ്യമെങ്കിൽ പരീക്ഷ എഴുതാൻ അവസരം ഒരുക്കുമെന്ന് സിബിഎസ്ഇ. നിലവിലുള്ള ഗുരുതരമായ സ്ഥിതിവിശേഷത്തിന് അയവുണ്ടാകുന്നതിനു മുറയ്ക്ക് ഇക്കാര്യത്തിൽ നടപടിയുണ്ടാകും.
പ്രത്യേകം തയാറാക്കിയ വസ്തുനിഷ്ടമായ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം നടത്തുക. സമയ ബന്ധിതമായി തന്നെ മൂല്യനിർണയം പൂർത്തിയാക്കി ഫല പ്രഖ്യാപനം നടത്തുമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.