നാട്ടില്‍ കൂലിപ്പണിക്കാരനായി നടന്നയാള്‍ ഗള്‍ഫിലെത്തിയതോടെ ജീവിതം ആകെമാറി ! കോടീശ്വരനായത് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍; സിസി തമ്പി ചെറിയ മീനല്ല…

വിദേശ നാണ്യ വിനിമയ ചട്ടം ലംഘനത്തിന് പിടിയിലായ മലയാളി വ്യവസായി സിസി തമ്പി കേരളത്തിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇഷ്ടതോഴന്‍. കുന്നംകുളം അക്കിക്കാവ്- പഴഞ്ഞി റോഡില്‍ കോട്ടോല്‍ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിനു സമീപമായിരുന്നു തമ്പിയുടെ വീട്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോട്ടോല്‍ ചെറുവത്തൂര്‍ വീട്ടില്‍ ചാക്കുട്ടിയുടെ മകനായ തമ്പിയുടെ ബാല്യം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു.

ചങ്ങരംകുളത്ത് ഇരുമ്പുകടയിലും പിന്നീട് കുന്നംകുളത്ത് ഇലക്ട്രിക് കടയിലും ദിവസക്കൂലിക്കു ജോലി ചെയ്തു. എന്നാല്‍ നാട്ടിലെ സുഹൃത്തുകളുടെ സഹായത്തോടെ ഗള്‍ഫിലേക്കു പോയതോടെ ജീവിതം മാറി. യുഎഇയിലെ അജ്മാന്‍ കേന്ദ്രീകരിച്ചുള്ള തമ്പിയുടെ ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസ് പന്തലിച്ചത് വളരെപ്പെട്ടെന്നായിരുന്നു.

തുടക്കം മദ്യവ്യാപാര മേഖലയിലായിരുന്നു. തുടര്‍ന്ന് ദുബായില്‍ ഉള്‍പ്പെടെ റസ്റ്ററന്റുകള്‍ തുറന്നു. ഏതാനും വന്‍കിട ഹോട്ടലുകളുടെ ബാര്‍ ഏറ്റെടുത്തു നടത്തിയിരുന്നു. ഇപ്പോള്‍ ട്രേഡിങ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അജ്മാനിലും ഹത്തയിലും ഫുജൈറയിലും റിസോര്‍ട്ടുകളുണ്ട്. ‘സ്വരലയ’ യുഎഇ രക്ഷാധികാരി തുടങ്ങിയ ചുമതലകളിലൂടെ പ്രവാസി സംഘടനാ രംഗത്തും സജീവമായി. കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ലോക കേരള സഭയില്‍ 2018 ല്‍ പ്രത്യേക ക്ഷണിതാവായിരുന്നു. കേരളത്തില്‍ തമ്പി എറ്റവും മുതല്‍മുടക്കിയത് റിയല്‍ എസ്റ്റേറ്റ് രംഗത്താണ്. പാര്‍ട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കും സമുദായ സംഘടനകള്‍ക്കും സഹായങ്ങളും നല്‍കിയതോടെ എല്ലാവരുടെയും ഇഷ്ടക്കാരനായി മാറുകയും ചെയ്തു.

കുന്നംകുളം വെള്ളറക്കാട്ട് മകന്റെ പേരില്‍ തുടങ്ങിയ തേജസ് എന്‍ജിനീയറിങ് കോളജിന് എഐസിടിഇ അനുമതി നേടിയതു വഴിവിട്ടാണെന്നു പറഞ്ഞ് 2009 ല്‍ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. തമ്പി ചെയര്‍മാനായ ഫൗണ്ടേഷന്റെ ഭരണത്തിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണമുയര്‍ന്നു. സ്ഥല, കെട്ടിട സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും വ്യാജ സത്യവാങ്മൂലം നല്‍കി അനുമതി തരപ്പെടുത്തിയെന്നായിരുന്നു പരാതി. എഐസിടിഇ സൗത്ത് വെസ്റ്റ് റീജന്‍ ഡയറക്ടര്‍ മഞ്ജു സിങ് അടക്കമുള്ളവര്‍ പ്രതികളായി. തമ്പിയുടെ ഓഫിസ് സിബിഐ റെയ്ഡ് ചെയ്തു.

മഞ്ജു സിങ്ങിനു വന്‍തുക കോഴ കൊടുത്തതിന്റെ രേഖകള്‍ കിട്ടിയതായും പറഞ്ഞു. തെളിവുകളില്ലെന്നു പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതാണു പിന്നീട് കണ്ടത്. എന്നാല്‍ 2017 ജനുവരിയില്‍ ഈ കേസ് സിബിഐ വീണ്ടും തുറന്നു. മുമ്പു ചില സുപ്രധാന ‘കാര്യങ്ങള്‍’ അന്വേഷിക്കാതെ വിട്ടെന്നു പറഞ്ഞായിരുന്നു പുനരന്വേഷണം. റോബര്‍ട്ട് വാദ്രയുടെ ബിനാമിയാണ് തമ്പിയെന്നും ഇയാള്‍ വന്‍ ബിസിനസുകാരനാക്കിയത് ഈ ബന്ധമാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.

Related posts