കോട്ടയം: കോട്ടയം നഗരം മുഴുവൻ സമയവും പോലീസിന്റെ നിരീക്ഷണത്തിലായി. ഇനി കള്ളൻമാരെയും നിയമ ലംഘകരെയും കയ്യോടെ പൊക്കും. കോട്ടയം നഗരത്തിലെ 13 പോയിന്റുകളിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്.
നാഗന്പടം ബസ്റ്റാൻഡിനുളളിൽ, നാഗന്പടം പാലം, നാഗന്പടം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ, കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം, സെൻട്രൽ ജംഗ്ഷൻ, കഞ്ഞിക്കുഴി, കോടിമത പാലം കളക്ടറേറ്റ്, മാർക്കറ്റ്, തിരുനക്കര ബസ്സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറകൾ. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും സുരക്ഷയുടെ ഭാഗമായിട്ടുമാണ് കാമറകൾ സ്ഥാപിച്ചത്.
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത കാമറകൾ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. 13 പോയിന്റുകളിൽ ഒന്‍പതിടങ്ങളിൽ 360 ഡിഗ്രിയിൽ ഫുൾ കറങ്ങുന്ന ഹൈടെക് കാമറയാണ് സ്ഥാപിച്ചത്. മറ്റിടങ്ങളിൽ സാധാരണ കാമറയും.
കാമറകളുടെ കണ്ട്രോൾ റൂം മുട്ടന്പലത്തുള്ള പോലീസ് കണ്ട്രോൾ റൂമിലാണ്. കണ്ട്രോൾ റൂമിൽ 24 മണിക്കൂറും 13 കാമറ പോയിന്റുകളിലെയും ദൃശ്യങ്ങൾ വീക്ഷിക്കാനും വേണ്ട നിർദേശങ്ങൾ നൽകാനുമായി പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും.
കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തിൽ പല സ്ഥലങ്ങളിലും മോഷണങ്ങൾ വർധിച്ചിരുന്നു. കൂടാതെ അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും പതിവായിരുന്നു. കാമറകൾ സ്ഥാപിക്കുന്നതോടെ ട്രാഫിക് നിയമലംഘനം കയ്യോടെ പിടികൂടാമെന്നാണ് പോലീസ് കരുതുന്നത്. കൂടാതെ മോഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണത്തിനു കാമറ ദൃശ്യങ്ങൾ സഹായകരമാകുകയും ചെയ്യും.