പേരൂർക്കട: അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപനശാലയ്ക്കുള്ളിൽ യുവതി കുത്തേറ്റു മരിച്ച സംഭവത്തിൽ തുമ്പ് കണ്ടെത്തുന്നതിനായി പോലീസ് ഊർജിതമായ അന്വേഷണം തുടരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറുകയും ഉള്ളൂർ ഭാഗത്ത് ഇറങ്ങുകയും ചെയ്ത ശേഷം പൊടുന്നനെ അപ്രത്യക്ഷമാകുകയാണ് ചെയ്തത്.
മെഡിക്കൽ കോളജിലെയും പരിസരത്തെയും പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും പിന്നീട് ഇയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഉള്ളൂരിൽ നിന്ന് ഏതെങ്കിലും വാഹനത്തിൽ കയറി ഇടറോഡിലൂടെ പോയിക്കാണുമോയെന്ന സംശയത്തിലാണ് പോലീസ്.
ഇയാളുടെ ശരീരത്തിൽ പരിക്കുകൾ ഉള്ളതായി വ്യക്തമായ സ്ഥിതിക്ക് മെഡിക്കൽകോളജ് ആശുപത്രി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവിടെ ഇയാൾ എത്തിയിട്ടില്ല എന്നാണ് വിവരം.
മെഡിക്കൽ കോളജ് ഭാഗത്തെ ലോഡ്ജുകളിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും പോലീസ് അന്വേഷണം നടത്തിവരികയാണ്.
പ്രതിയെ തിരിച്ചറിയാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിൽ ഈ ഭാഗത്തെ പൊതുജനങ്ങളിൽ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
എന്നാൽ ആരും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാലുദിവസത്തെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ പോലീസ് എത്തിച്ചേരുന്നത് മോഷണശ്രമം ആകുമെന്ന നിഗമനത്തിലാണ്.
പ്രതി റോഡിലൂടെ സഞ്ചരിച്ചുവരവേ സ്വർണമാല ധരിച്ചു നിൽക്കുന്ന വിനീതയെ കാണുകയും മാല മോഷ്ടിക്കാനുഉള്ള ശ്രമത്തിനിടെ യുവതിയെ കുത്തിക്കൊലപ്പെടുത്തിയതായിരിക്കാം എന്ന ഏറ്റവും പുതിയ നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.
പേരൂർക്കട മുതൽ താൻ സഞ്ചരിക്കുന്ന ഭാഗങ്ങളിലൊക്കെ ക്യാമറകൾ കാണുന്ന സ്ഥലങ്ങളിൽ ഇയാൾ മുഖം മറയ്ക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.