കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
ജസ്റ്റീസ് വി.ജി. അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഹൈക്കോടതി വിധി സര്‍ക്കാരിന് വലിയ ആശ്വാസമാണ്. ലൈഫ് മിഷന് പദ്ധതിക്കായി നിയമവിരുദ്ധമായി വിദേശ സഹായം സ്വീകരിച്ചെന്നാരോപിച്ചാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന് സിഇഒ യു.വി. ജോസും യൂണിടാക് ബില്‍ഡേഴ്സിന് വേണ്ടി എംഡി സന്തോഷ് ഈപ്പനുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനം നിലനിന്നേക്കില്ലെന്ന വിലയിരുത്തലിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
കഴിഞ്ഞ 13ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരോ ഉദ്യോഗസ്ഥരോ വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്നും വിദേശസഹായ നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റം ലൈഫ് മിഷനെതിരെ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.
അഴിമതിയുണ്ടെങ്കില്‍ സിബിഐ അല്ല, വിജിലന്‍സാണ് കേസ് അന്വേഷിക്കേണ്ടതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ വിരോധത്തെത്തുടര്‍ന്നുള്ള കേസാണിത്.
ലൈഫ് മിഷന് പദ്ധതിക്കുവേണ്ടി സര്‍ക്കാരോ ഉദ്യോഗസ്ഥരോ വിദേശസഹായം സ്വീകരിച്ചിട്ടില്ല. പത്തുലക്ഷം ദിര്‍ഹം മൂന്നു ബാങ്ക് അക്കൗണ്ടുകളിലായി യൂണിടാക്, സാന്‍ വെഞ്ച്വേഴ്സ് എന്നീ കമ്പനികള്‍ക്കാണ് യുഎഇ റെഡ് ക്രസന്റ് നല്‍കിയത്.
വിദേശ സഹായ നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ല. കള്ളപ്പണം വെളുപ്പിക്കലോ ഹവാല ഇടപാടോ നടന്നിട്ടില്ല. അഴിമതിയുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് സിബിഐയല്ല, വിജിലന്‍സാണ്. സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടന്നുകയറി അന്വേഷിക്കുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കും.
സിബിഐ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത എഫ്ഐആറില്‍ മൂന്നാംപ്രതി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥരെന്നാണ് പറയുമ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെന്നാണ് പറയുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ലൈഫ് മിഷന് പദ്ധതിയുടെ പേരില്‍ പ്രതികള്‍ അധോലോക ഇടപാടാണ് നടത്തിയതെന്നും ഇതിനു യൂണിടാക് ബില്‍ഡേഴ്സിനെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും സ്വപ്ന സുരേഷും ചേര്‍ന്നാണെന്നും സിബിഐയും ഹൈക്കോടതിയെ അറിയിച്ചു.