കോട്ടയം: 1986ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ ഒട്ടേറെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് ‘കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്-2019’ നിലവിൽ വന്നിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി(സിസിപിഎ) സ്ഥാപിതമായത്. ഉപഭോക്തൃ പരാതികൾ പരിഹരിക്കാനുള്ള സംവിധാനമാണിത്. സ്വമേധയാ കേസ് എടുക്കാനുള്ള അധികാരവുമുണ്ട്.
പരാതി പരിഹാരത്തിനു ജില്ലാ, സംസ്ഥാന, ദേശീയ തലത്തിൽ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷനുകൾ ഉണ്ട്. കളക്ടറാണ് ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ ചെയർമാൻ.
ജില്ലയിലെ പരാതികളിലെ അപ്പീലുകൾ സംസ്ഥാന കമ്മിഷനും സംസ്ഥാനത്തെ അപ്പീലുകൾ ദേശീയ കമ്മിഷനും പരിഗണിക്കും. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് ഒരു കോടി വരെയുള്ള നഷ്ടപരിഹാരക്കേസുകൾ വരെ ഇനി പരിഗണിക്കാനാകും.
10 കോടി വരെയുള്ള പരാതികളാണ് സംസ്ഥാനതലത്തിൽ പരിഗണിക്കുക. ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ് ഇതിന്റെ തലവൻ. അതിനു മുകളിലുള്ള പരാതികൾ ദേശീയ കമ്മീഷൻ പരിശോധിക്കും.
സ്ഥാപനങ്ങൾക്കു പിഴ ശിക്ഷ നൽകാനും ഉത്തരവാദികൾക്കു തടവ് അടക്കമുള്ള ശിക്ഷ നൽകാനുമുള്ള അധികാരം സിസിപിഎയ്ക്ക് ഉണ്ട്.ഇ-കൊമേഴ്സ് പുതിയ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഉപഭോക്താവിനു പരാതി ഓൺലൈനിൽ നൽകാൻ കഴിയും. വാങ്ങിയ സാധനം ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാരൻ തിരികെയെടുക്കണം. വാങ്ങിയ സാധനം തിരികെ എടുക്കില്ലെന്നു ബില്ലിൽ എഴുതിയിട്ടും കാര്യമില്ലെന്നു ചുരുക്കം.
നിർമാണപ്പിഴവുകളുടെ പേരിൽ ഉത്പന്നങ്ങൾ തകരാറിലായാൽ ആ ശ്രേണിയിലുള്ള ഉത്പന്നങ്ങളെല്ലാം പിൻവലിക്കാൻ കമ്പനികൾ നിർബന്ധിതമാകും. ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് മുൻപ് സെലിബ്രിറ്റിമാരും ശ്രദ്ധിക്കണം ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ചാൽ അവരും കോടതി കയറേണ്ടിവരും.
തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നൽകിയാൽ നിർമ്മാതാവിന് 10 ലക്ഷം വരെ പിഴ. തെറ്റ് തുടർന്നാൽ പിഴ 50 ലക്ഷം വരെ. അഞ്ചു വർഷം വരെ തടവും ലഭിക്കാം. കഴിഞ്ഞ മാസമാണ് അഥോറിറ്റിക്കുള്ള ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ വിന്യസിച്ചത്.
ഇനിയും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.അഥോറിറ്റിക്കു മുന്നിലേക്ക് എത്തുന്ന ആദ്യ കേസുകളിലൊന്നാണ് തെറ്റായ കോവിഡ് ഫലം നൽകിയ സ്വകാര്യ ലാബിനെതിരേയുള്ള പരാതിയെന്ന് അഭിഭാഷകൻ അഡ്വ.മനു ജെ. വരാപ്പള്ളി പറഞ്ഞു.