കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തിൽ വീട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽനിന്ന് സിപിഐ ജില്ലാ നേതൃത്വം അയയുന്നതായി സൂചന.
മുൻവർഷങ്ങളിൽ കാഞ്ഞിരപ്പള്ളി സീറ്റിൽ കേരള കോണ്ഗ്രസ് എമ്മും സിപിഐയും നേർക്കുനേർ മത്സരിച്ചിരുന്നതാണ്. ജോസ് കെ. മാണി വിഭാഗം എൽഡിഎഫിൽ എത്തിയതോടെ സീറ്റ് തങ്ങൾക്കു വേണമെന്ന നിലപാടിലാണ് ജോസ് വിഭാഗം.
ആദ്യഘട്ടത്തിൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു സിപിഐ. പീന്നിട് കാഞ്ഞിരപ്പള്ളിക്കു പകരം കോട്ടയം സീറ്റ് നല്കാമെന്ന് സിപിഎം ഫോർമുലയും സിപിഐ തള്ളിയിരുന്നു.
എന്നാൽ ഇപ്പോൾ കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു നല്കി പകരം ചങ്ങനാശേരി സീറ്റ് വാങ്ങാനാണ് സിപിഐ ശ്രമിക്കുന്നതെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ദിവസം കോട്ടയത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സീറ്റ് ചർച്ച നടത്തിയില്ല. മറിച്ചു തദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അവലോകനം മാത്രമാണ് നടത്തിയത്. നിലവിൽ സിപിഐയ്ക്കു രണ്ടു സീറ്റുകളാണ് ജില്ലയിലുള്ളത്.
കാഞ്ഞിരപ്പള്ളിയും, വൈക്കവും.
ജോസ് വിഭാഗം എൽഡിഎഫിൽ എത്തിയതോടെ ചങ്ങനാശേരിയിൽ ഇടതുപക്ഷത്തിന് അനുകൂലമായ അന്തരീക്ഷമുണ്ടായിട്ടുണ്ടെന്നാണ് സിപിഐയുടെ വിലയിരുത്തൽ.
ജില്ലയിൽ നിന്നും ജോസ് വിഭാഗത്തിനു കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളും സിപിഎമ്മിനു കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി സീറ്റുകളും സിപിഐയ്ക്കു ചങ്ങനാശേരിയും വൈക്കവും നല്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.