കടുത്തുരുത്തി: വെള്ളൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ നോക്കുകുത്തിയായി.
പെരുവ ജംഗ്ഷന്, മുളക്കുളം അമ്പലപ്പടി, മൂര്‍ക്കാട്ടുപടി, വെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കാമറകളാണ് പ്രവര്‍ത്തനരഹിതമായത്.
കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ടു തെളിവുകള്‍ക്കായി കാമറകള്‍ പരിശോധിച്ചപ്പോഴാണ് ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്.
കാമറകള്‍ തമ്മില്‍ പോലീസ് സ്റ്റേഷനില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ പ്രവര്‍ത്തിക്കാത്തത് ഏതെന്ന് മനസിലാവുകയുള്ളു.
ഇതിനായി നെറ്റ് കണക്ഷനും ഏല്ലാ ക്യാമറകളുടെ പ്രവര്‍ത്തനവും കാണാനായി ടിവിയും വേണം.
ടിവി സ്വകാര്യ വ്യക്തി തരാമെന്നും നെറ്റ് കണക്ഷന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നല്‍കാമെന്നും കഴിഞ്ഞ ജനമൈത്രി പോലീസ് കമ്മിറ്റിയില്‍ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
പൊതുജനത്തിനും പോലീസിനും ഉപകരിക്കുന്നതിനായി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിക്കുന്ന കാമറകള്‍ സംരക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.