നെടുങ്കണ്ടം: എൽകെജി വിദ്യാർഥിനിയായ മകളെ കാത്തുനിന്ന പിതാവിനെ നെടുങ്കണ്ടം സിഐ അപമാനിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസ്.
സംഭവത്തേക്കുറിച്ച് കട്ടപ്പന ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണ് പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞത്.
നെടുങ്കണ്ടം കുമ്മനത്തുചിറയിൽ ഫിലിപ് ഏബ്രഹാമാണ് സിഐ അപമാനിച്ചതായും കുട്ടിക്കായി കരുതിയിരുന്ന പലഹാരം സിഐ റോഡിൽ എറിഞ്ഞതായും പരാതി നൽകിയത്.
നെടുങ്കണ്ടം സിഐ സി. ജയകുമാർ റോഡിന്റെ സൈഡിൽ സ്കൂൾ മതിൽകെട്ടിനോട് ചേർന്നിരുന്ന ഫിലിപ്പിനോട് വിവരങ്ങൾ തേടിയശേഷം ഹെൽമറ്റും വാഹനത്തിന്റെ രേഖകളും ഇല്ലാതിരുന്നതിനാൽ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ എത്തിച്ച് ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന ദ്യശ്യങ്ങളാണ് ലഭിച്ചത്.
ഇതോടൊപ്പം സിഐ പോലീസ് വാഹനത്തിൽ സ്റ്റേഷനിലേക്കു പോയി. ഈസമയം ഫിലിപ്പും കുട്ടിയും വീട്ടിലേക്കു പോയി. ഇതിനുപിന്നാലെ വീണ്ടും ഫിലിപ്പ് കുട്ടിയുമായി ഇതേസ്ഥലത്തു മടങ്ങിയെത്തി.
ഇതിനുശേഷം മറ്റൊരാൾ ഇവിടെയെത്തി ഫിലിപ്പുമായി സംസാരിക്കുന്ന ദൃശ്യങ്ങളും പലഹാരങ്ങൾ റോഡിൽ ചിതറിയ ദൃശ്യങ്ങളുമാണ് പോലീസിനു ലഭിച്ചത്.
സിഐ സ്റ്റേഷനിലേക്കു പോയശേഷം ഒരുമണിക്കൂർ കഴിഞ്ഞാണ് റോഡരികിൽ പലഹാരം ചിതറികിടക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയുന്നത്. ജില്ലാ പോലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും.