മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്നും വിജിലന്‍സ് റെയ്ഡിന് മുന്‍പ് സാധനങ്ങള്‍ മാറ്റിയതില്‍ ദുരൂഹത. റെയ്ഡിന് മുന്‍പ് തൃപ്പൂണിത്തുറയിലെ എസ്ബിടി, എസ്ബിഐ ശാഖകളില്‍ എത്തിയാണ് ബാബുവിന്റെ ഭാര്യ സാധനങ്ങള്‍ മാറ്റിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചു.
ബാബുവിന്റെയും മക്കളുടെയും ബിനാമികളുടെയും വീടുകളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് വിജിലന്‍സ് ബാങ്ക് ലോക്കറുകള്‍ തുറന്നുപരിശോധിക്കാന്‍ എത്തിയത്. എന്നാല്‍ ലോക്കറുകള്‍ കാലിയായിരുന്നു. ഇതോടെയാണ് ലോക്കറിനുള്ളിലെ സാധനങ്ങള്‍ എന്തായിരുന്നുവെന്നും എന്ന് മാറ്റിയെന്നും വിജിലന്‍സ് പരിശോധിച്ചത്. തൃപ്പൂണിത്തുറയിലെ എസ്ബിടി, എസ്ബിഐ ശാഖകളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബിജു ജോര്‍ജ് നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍ ഓഗസ്റ്റ് 10ന് ബാബുവിന്റെ ഭാര്യ ബാങ്കില്‍ എത്തി ലോക്കറിലെ സാധനങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ എസ്ബിടി ബാങ്കില്‍ നിന്നും ലഭിച്ചു. തുടര്‍ന്ന് എസ്ബിഐയിലും വിജിലന്‍സ് പരിശോധന നടത്തി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയേ ദൃശ്യങ്ങള്‍ വിജിലന്‍സിന് നല്കാന് കഴിയൂ എന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.