നോര്‍ത്ത് ഡല്‍ഹിയിലെ ബുരാരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. അധ്യാപികയായ കരുണ(21) ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി അകന്നു കഴിയുന്ന സുരേന്ദര്‍(34) എന്നയാളാണ് കൊല നടത്തിയത്. 22 ഓളം മുറിവുകളാണ് ഇയാള്‍ യുവതിയുടെ ശരീരത്തില്‍ ഏല്‍പ്പിച്ചത്. പ്രണയാഭ്യര്‍ഥനയുമായി ഒരു വര്‍ഷത്തിലേറെയായി നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു ഇയാള്‍.
ഇയാള്‍ക്കെതിരെ അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരുവിഭാഗത്തിന്റെയും സമ്മതത്തോടെ കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. അതിനാല്‍ നടപടിയെന്നും എടുക്കാതെ വിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയാള്‍ വിവാഹ മോചനം നേടിയിട്ടില്ലെന്നും കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു പോലീസിനു കൈമാറി.